ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തത്പരരായവരും സാമ്പത്തികവും കുടുംബപരവുമായ പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കാൻ കഴിയാത്ത പട്ടികജാതി വിഭാഗത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി ആവിഷ്കരിച്ച ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026-27 വർഷത്തെ സ്കോളർഷിപ്പിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 15-ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം.
2026-27 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്നതും, മുൻ വർഷത്തെ (നാല്, ഏഴ് ക്ലാസ്സുകളിൽ) വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എന്നാൽ പട്ടികജാതി വിഭാഗത്തിലെ ദുർബല വിഭാഗങ്ങളായ അരുന്ധതിയാർ, വേടൻ, കല്ലാടി, നായാടി, ചക്ലിയൻ എന്നീ വിഭാഗങ്ങളിലെ ബി ഗ്രേഡ് (വരെയുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിൽ അനുബന്ധ രേഖകളും സ്കൂൾ മേധാവി നൽകുന്ന സാക്ഷ്യപത്രവും സഹിതം അതത് കോർപ്പറേഷൻ/ ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിശ്ചിത സമയത്തിനകം സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമുകൾ എല്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, സ്കൂൾ തലത്തിലോ സ്കൂളിന്റെ അംഗീകാരമുള്ളതോ ആയ കലാകായിക മത്സരങ്ങൾ, ശാസ്ത്രമേള, പ്രശ്നോത്തരി എന്നിവയിൽ വിവിധ ഗ്രേഡുകൾ നേടിയ സർട്ടിഫിക്കറ്റുകൾ എന്നിവ ഉള്ളടക്കം ചെയ്യണം.
സ്കോളർഷിപ്പ് നിർണ്ണയിക്കുന്നതിനുള്ള ശ്രീ അയ്യങ്കാളി ടാലന്റ് സെർച്ച് പരീക്ഷ 2026 ആഗസ്റ്റ് രണ്ടിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർ, കലാകായിക ശാസ്ത്ര ഗണിത മത്സരങ്ങളിൽ പങ്കെടുത്തവർ, മാതാപിതാക്കളിൽ ആരെങ്കിലും മരണപ്പെട്ടവർ, പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിലെ അംഗങ്ങൾ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാരുടെ മക്കളായ വിദ്യാർത്ഥികൾ, മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് മുൻഗണനാ മാർക്ക് ലഭിക്കും. നാല്, ഏഴ് ക്ലാസ്സുകളിലെ സ്റ്റേറ്റ് സിലബസ് അടിസ്ഥാനമാക്കിയുള്ള സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, ആനുകാലിക സംഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷാ സിലബസ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസുമായോ തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487-2360381.
- Log in to post comments