കൊട്ടാരക്കരയിലെ അപകട സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച ശേഷമുള്ള മന്ത്രിമാരുടെ പ്രതികരണങ്ങള്‍:
മന്ത്രി ബിന്ദു കൃഷ്ണ
ടിപ്പര്‍ ലോറികളുടെ അമിതവേഗതയും അതുമൂലമുണ്ടാകുന്ന അപകടങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മറികടന്ന് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്‌കൂള്‍ സമയങ്ങളില്‍ ലോഡ് കയറ്റിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കിയിട്ടും ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തും. ഈ വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
മന്ത്രി പി സി വിഷ്ണുനാഥ്
പ്രാഥമിക അന്വേഷണത്തില്‍ അമിതവേഗമാണ് അപകടകാരണമെന്നു കണ്ടെത്തിയതായി ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കേണ്ട സഹായവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പരിക്കുപറ്റിയ മുഴുവന്‍ ആളുകളുടെയും ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഭാരവാഹനങ്ങളുടെ ഫിറ്റ്‌നസ് അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി അപാകതകള്‍ പരിഹരിക്കാന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
- Log in to post comments