വിഷൻ പദ്ധതി: പട്ടികജാതി വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലന ധനസഹായം; അപേക്ഷകൾ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിഷൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ പഠനത്തോടൊപ്പം രണ്ടു വർഷത്തെ മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം നേടുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം ധനസഹായം നൽകുന്നതാണ് പദ്ധതി. തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ നേരിട്ടെത്തി (ഓഫ്ലൈൻ) പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. ഓൺലൈൻ മുഖേനയുള്ള പരിശീലനത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. 2026-27 അധ്യയന വർഷത്തിൽ പ്ലസ് വൺ പഠനത്തോടൊപ്പം സംസ്ഥാനതലത്തിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്.
പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമുള്ള രണ്ടു മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നതിനെയും പദ്ധതിയുടെ പരിധിയിൽ പരിഗണിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പരിശീലനത്തിനായി രണ്ട് ഗഡുക്കളായി ആകെ 20,000 രൂപയോ സ്ഥാപനം ഈടാക്കുന്ന യഥാർത്ഥ ഫീസോ (ഏതാണോ കുറവ്) ധനസഹായമായി ലഭിക്കും. മുൻപ് വിഷൻ പദ്ധതിയിൽ പങ്കെടുത്ത് നീറ്റ് പരീക്ഷയിൽ ചുരുങ്ങിയത് 75 ശതമാനം സ്‌കോർ നേടിയവർക്ക് ഒരു തവണ കൂടി 'വിഷൻ പ്ലസ്' പദ്ധതി വഴി തുടർപരിശീലനത്തിന് അവസരമുണ്ടാകും. ആരോഗ്യപരമായ കാരണങ്ങളാൽ നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവരെയും രേഖകൾ പരിശോധിച്ച് ഒരു തവണകൂടി പരിഗണിക്കും.
താത്പര്യമുള്ള വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പത്താം ക്ലാസ് മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 25-ന് വൈകീട്ട് അഞ്ചിനകം അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും എംപാനൽ ചെയ്ത സ്ഥാപനങ്ങളുടെ ലിസ്റ്റിനുമായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളെയോ 0487 2360381 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
- Log in to post comments