കൃഷിയിടത്തിലേക്ക് തിരിച്ചുപോവുക പ്രധാനം: മന്ത്രി ടി.സിദ്ദിഖ്
#ചെഞ്ചേരിയിൽ പപ്പായ കൃത്യതാകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു#
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, കൃഷിയിടത്തിലേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാ കൃഷിതോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിത്തുകളുടെ ശേഷിവികാസം ഏറ്റവും പ്രധാനമാണ്. ഇതിൽ കർഷകർ പറ്റിക്കപ്പെടുന്നില്ലെന്നും പൂർണ തോതിൽ ഉത്പാദനം നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടിയുണ്ടാകും. ഫ്‌ളാറ്റുകളിലും മട്ടുപ്പാവുകളിലും ആവശ്യമായ കൃഷിചെയ്യുന്നതിനുള്ള പദ്ധതി കൂടുതൽ ആകർഷണീയമാക്കുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിൽ കൃഷിഭവനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തരിശുനിലങ്ങളേയും കൃഷിഭവന് കീഴിലുള്ള ഇടങ്ങളേയും മാപ്പിംഗ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
മുന്‍ കൗണ്‍സിലര്‍ കൂടിയായ കര്‍ഷകന്‍ വി.എസ് പത്മകുമാറിന്റെ ചെഞ്ചേരിയിലുള്ള ഒരു ഏക്കർ മാതൃകാതോട്ടത്തിലാണ് പപ്പായ കൃഷി വിളവെടുപ്പ് നടത്തിയത്. അത്യുത്പാദന ശേഷിയുള്ള റെഡ്ലേഡി ഇനത്തില്‍പ്പെട്ട പപ്പായയാണ് വിളവെടുത്തത്. കൃഷി തുടങ്ങി 7 മാസത്തിനുള്ളിൽ വിളവെടുപ്പ് നടന്നു. മൂന്ന് വര്‍ഷത്തിനുള്ളിൽ 30 മെട്രിക് ടണ്‍ പപ്പായ വിളവെടുക്കാമെന്നതാണ് കൃത്യതാ കൃഷിയുടെ പ്രത്യേകത.
ഉള്ളൂർ മഹിഷാസുരമർദ്ദിനി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.മുരളീധരൻ എംഎൽഎ അധ്യക്ഷനായിരുന്നു. നഗരസഭ വിദ്യാഭ്യാസ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ.വി, ഉള്ളൂർ കൃഷിഭവൻ കൃഷി ഓഫീസർ സി.സ്വപ്ന, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments