Skip to main content
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ 28ന്

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

ജൂണ്‍ 28ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഇതിനായി 2,187 ബൂത്തുകള്‍ സജ്ജീകരിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലുള്‍പ്പെടെയാണ് ബൂത്തുകള്‍ ക്രമീകരിക്കുക. 
സാധാരണ ബൂത്തുകള്‍ക്ക് പുറമെ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 54 ട്രാന്‍സിറ്റ് ബൂത്തുകള്‍, 50 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും ഒരുക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ്‌സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍. 
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തീയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ വളന്റിയര്‍മാരാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടക്കുക.

പരിപാടിയുടെ ഭാഗമായി ഭവനസന്ദര്‍ശനവും ബാനറുകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍ മുഖേന പ്രചാരണവും നടത്തും. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ജൂണ്‍ 28ന് തന്നെ അഞ്ചുവയസ്സില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

date