ഓപ്പറേഷൻ തൂഫാൻ: സിറ്റി പൊലീസിന്റെ സൈക്കിൾ റാലിയും വാക്കത്തോണും
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി സൈക്കിൾ റാലിയും വാക്കത്തോണും സംഘടിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി Moving Together for a Drug-Free Tomorrow എന്ന സന്ദേശമുയർത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, എസ്.പി.സി. കേഡറ്റുകൾ, തൂഫാൻ വാരിയർമാർ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 8ന് മാനവീയം വീഥിയിൽ ആരംഭിക്കുന്ന ചടങ്ങ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത് സൈക്കിൾ റാലിയും വാക്കത്തോണും ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അഞ്ജലി ഭാവന സ്വാഗതം ആശംസിക്കും. തിരുവനന്തപുരം സൗത്ത് സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ സ്പർജൻ കുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദീപക് ധൻകർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ സെന്റർ ഡയറക്ടർ ഡോ. ശരത്ചന്ദ്ര യാദവ് എന്നിവർ പങ്കെടുക്കും.
സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ തൂഫാൻ വാരിയർമാർക്ക് ബാഡ്ജുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അഞ്ജലി ഭാവന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മാനവീയം വീഥിയിൽ നിന്നും ആരംഭിക്കുന്ന റാലി കനകക്കുന്ന്, മ്യൂസിയം, ആർ.ആർ. ലാമ്പ്, വാർ മെമ്മോറിയൽ, വി.ജെ.ടി, സെക്രട്ടേറിയറ്റ് വഴി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.
പി.എൻ.എക്‌സ്. 2206/2026
- Log in to post comments