നിപ പ്രതിരോധ നടപടികൾ ശക്തമായി തുടരുന്നുവെന്ന് മന്ത്രി കെ. മുരളീധരൻ
കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത ജൂൺ 10നു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതിൽ ആർക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നിപ സമാന ലക്ഷണങ്ങൾ ഉള്ളവരിൽ ജില്ലയിൽ നടത്തിയ 52 പേരുടെ ഫലവും നെഗറ്റീവ് ആണ്. എങ്കിലും രോഗനിരീക്ഷണ നടപടികൾ ശക്തമായി തുടരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിപ രോഗബാധിതന്റെ സമ്പർക്കപ്പെട്ടികയിലുള്ള ആരെയും ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്‌ക് ഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന ഭാഗത്തിൽ പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു.
സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 92 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 64 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. ഇന്ന് (ജൂൺ 25) നടത്തിയ സന്ദർശനത്തിൽ പനിയുള്ള 3 പേരെ കണ്ടെത്തി.
പി.എൻ.എക്‌സ്. 2209/2026
- Log in to post comments