അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ബോധവൽക്കരണ പരിപാടികൾ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
ജൂൺ 26-ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ ഷാജി വി. നായർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി വകുപ്പ്, അക്സെപ്റ്റ് ഐ.ആർ.സി.എ. (ACCEPT IRCA) സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിങ് ഏജൻസി കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബുധനാഴ്ച പരിപാടി സംഘടിപ്പിച്ചത്.
ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിലെ വിദ്യാർഥികളാണ് ഈ ബോധവൽക്കരണ കാമ്പയിന് നേതൃത്വം നൽകിയത്. പൊതുജനങ്ങളിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ഫ്ലാഷ് മോബും തെരുവ് നാടകവും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, കാർമൽ പോളിടെക്നിക് കോളേജ്, ചമ്പക്കുളം ബസ് സ്റ്റാൻഡ് എന്നീ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ ഫ്ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു.
ചടങ്ങിൽ ജില്ലാ സാമൂഹികനീതി ഓഫീസർ വി. അശ്വതി ,എസ്.എൽ.സി.എ. കേരള കോ-ഓർഡിനേറ്റർ ഫാ. ജിൻസ് ജോസഫ്,
അക്സെപ്റ്റ് ഐ.ആർ.സി.എ. പ്രോജക്ട് കോ-ഓർഡിനേറ്റർ നിതീൻ ചന്ദ്ര എന്നിവർ സംസാരിച്ചു.
- Log in to post comments