Skip to main content
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി 

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി 

 

ലഹരി വിമുക്തമായ ഒരു പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങളും വിദ്യാർത്ഥികളും ചേർന്ന് തുടക്കമിടണമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. 
ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം  കണ്ണൂർ പോലീസ് സഭാ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഭാവിതലമുറയായ യുവജനങ്ങളും വിദ്യാർത്ഥികളും ലഹരിക്ക് അടിപ്പെടരുത്.  ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് തകർക്കേണ്ട ഒന്നല്ല നാടിന്റെ ഭാവി. ലഹരി പദാർത്ഥങ്ങൾ തൊടില്ല എന്ന് ഒരോ വിദ്യാർത്ഥിയും പ്രതിജ്ഞ ചെയ്യണം. അങ്ങനെ ലഹരി വിമുക്തമായ നാടിനെ കെട്ടിപ്പിടിക്കണം,  എംപി അഭ്യർത്ഥിച്ചു.

പരിപാടിയിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.  ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് സുപ്രധാന പങ്കാണുള്ളതെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. ലഹരി ഒരു സാമൂഹിക വിപത്തിനൊപ്പം പൊതുജനാരോഗ്യ വെല്ലുവിളി കൂടിയാണ്. നമ്മുടെ ഭാവി തന്നെ തുലച്ചു കളയുന്നതാണ് ലഹരി ഉപയോഗം.
ലഹരിയ്ക്ക് അടിപ്പെട്ടവരെ ഹോളിസ്റ്റിക് സമീപനത്തോടെ ചേർത്തുനിർത്തണം. ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു. 

സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ ഭരത് റെഡ്ഢി ലഹരിവിരുദ്ധ ദിനാചരണ സന്ദേശം നൽകി. ഡി.ഡി.ഇ ഷൈനി ഡി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലിഷ ദീപക്, 
ഡി.എം.ഒ ഇൻ-ചാർജ് ഡോ. സച്ചിൻ കെ സി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിജു പി എന്നിവർ സംസാരിച്ചു.

കെ സുധാകരൻ എംപിയും മറ്റുള്ളവരും ചേർന്ന് ലഹരിക്കെതിരായ ഐ.ഇ.സി പോസ്റ്റർ പ്രകാശനം ചെയ്തു.

അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത് കുമാർ പി, സുരേഷ് പി.കെ, പ്രതീക്ഷ അഡിക്ഷൻ സെൻറർ ഡയറക്ടർ ഫാ. ജെയിംസ് കോലക്കുന്നേൽ, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ ഷുഹൈബ്,  കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ, വിമുക്തി ജില്ലാ കോർഡിനേറ്റർ സുജിത് തില്ലങ്കേരി എന്നിവർ സംസാരിച്ചു.

തുടർന്ന് 'ഓപ്പറേഷൻ തൂഫാൻ' എന്ന സെഷനിൽ ഇൻസ്‌പെക്ടർ എസ്. ബി കൈലാസ്നാഥ്, 'ഓപ്പറേഷൻ തണ്ടർ' എന്ന സെഷനിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ രാജീവൻ, 'ലഹരി ഉപയോഗവും മാനസികാരോഗ്യവും' എന്ന സെഷനിൽ
ഡോ. കെ മുനീർ എന്നിവർ ക്ലാസെടുത്തു.

date