Skip to main content

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഇന്ന്; ജില്ലയില്‍ 127375 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

രാജ്യത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) നടക്കും. ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുളള 127375 കുഞ്ഞുങ്ങള്‍ക്കാണ് ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ രാവിലെ എട്ട് മണിക്ക് തൊഴില്‍, വനിതാ ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിര്‍വ്വഹിക്കും. മേയര്‍ എ. കെ. ഹഫീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എ.എല്‍ ഷീജ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി. ഷൈലജ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സദക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയിലുടനീളം 1755 ബൂത്തുകളും 3510 സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്. സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയിലുള്ള കുട്ടികള്‍ക്കായി റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ 37 ട്രാന്‍സിറ്റ് ബൂത്തുകളും മൂന്ന് മൊബൈല്‍ ബൂത്തുകളും മേളകള്‍ക്കായി ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവടങ്ങളില്‍ മരുന്ന് ലഭ്യമാക്കാനാണ് മൊബൈല്‍ ബൂത്തുകള്‍ ഉപയോഗിക്കുക.
ഇന്ന് ബൂത്തുകളില്‍ എത്താന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ആരോഗ്യ വകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, സാക്ഷരതാ മിഷന്‍, റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയവയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ആദ്യ ദിനം തന്നെ തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
 

date