നിപ: ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 2 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി
നിപാ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 2 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. കൂടാതെ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ സഹപ്രവർത്തകരായിരുന്നു ഇവരെല്ലാവരും. നിപ രോഗബാധിതന്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
നിലവിൽ വളരെ ഉയർന്ന റിസ്ക്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 11 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 74 പേർ നിരീക്ഷണത്തിലാണ്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേരുടെ ഫലവും നെഗറ്റീവ് ആണ്.
നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 93 ഫോൺ വിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
പി.എൻ.എക്സ്. 2233/2026
- Log in to post comments