Skip to main content

ബൈപ്പാസില്‍ ജേണലിസ്റ്റ് കോളനി മുതല്‍ കിഴുത്തള്ളി വരെ സര്‍വീസ് റോഡ് നിര്‍മിക്കണം: ടി ഒ മോഹനന്‍ എംഎല്‍എ 

 

പാപ്പിനിശ്ശേരി- താഴെ ചൊവ്വ ദേശീയപാത ബൈപ്പാസിലെ ജേണലിസ്റ്റ് കോളനി മുതല്‍ കിഴുത്തള്ളി വരെയുള്ള നാലു കിലോമീറ്റര്‍ ഭാഗത്ത് ഇരുവശങ്ങളിലും സര്‍വീസ് റോഡ് നിര്‍മിക്കാന്‍ നടപടി വേണമെന്ന് ടി ഒ മോഹനന്‍ എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍വീസ് റോഡ് ഇല്ലാത്തതു കാരണം ഇവിടെയുള്ള പല കുടുംബങ്ങള്‍ക്കും റോഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. സര്‍വീസ് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും റോഡ് നിര്‍മിച്ചിട്ടില്ല. റോഡ് വരുന്നത് പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ക്കും ആയിരക്കണക്കിന് യാത്രക്കാര്‍ക്കും ഗുണകരമാവും. താഴെ ചൊവ്വയിലെയും മേലെ ചൊവ്വയിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദേശവാസികള്‍ പല തവണ സര്‍വീസ് റോഡിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുള്‍പ്പെടെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date