Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം; ലഹരിക്കെതിരെ ഒപ്പ് രേഖപ്പെടുത്തി ജില്ലാ കളക്ടര്‍

ഇരുപതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ 'ലഹരിക്കെതിരെ എന്റെ ഒപ്പ്' എന്ന പരിപാടി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കളക്ടേറ്റിലെ ജീവനക്കാരും സന്ദര്‍ശകരായെത്തിയ പൊതുജനങ്ങളും വിദ്യര്‍ത്ഥികളും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ ലഹരിക്കെതിരെ ഒപ്പ് രേഖപ്പെടുത്തി പരിപാടിയില്‍ പങ്കാളികളായി. തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ വികസനം കൈവരിക്കുന്നതിനുള്ള ആസൂത്രണ പ്രക്രിയയില്‍ കൃത്യവും സമയബന്ധിതവുമായ ഡാറ്റ അനിവാര്യമാണെന്ന് മേരി തോമസ് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍ അധ്യക്ഷത വഹിച്ചു. റിസര്‍ച്ച് ഓഫീസര്‍ വി. മനോജ് ലഹരിവിരുദ്ധ പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി സതീശന്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനവുമായി ബന്ധപ്പെട്ട പരിപാടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നല്‍കിയ വീഡിയോ സന്ദേശം ചടങ്ങില്‍ അവതരിപ്പിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് റിട്ട. ഡയറക്ടര്‍ ജി.എസ് രജത് സ്ഥിതിവിവര ശാസ്ത്രദിന സന്ദേശം നല്‍കി. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എ.ഡി വജോസഫ്, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ സി. ദിദിക, റിസര്‍ച്ച് ഓഫീസര്‍ എം.ജെ ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

ദിനാഘോഷത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ 'അണ്‍ലോക്കിങ്ങ് ദി പൊട്ടെന്‍ഷ്യല്‍ ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ' എന്ന വിഷയത്തില്‍ എന്‍ എസ് ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്കര്‍ഷ നിഷാദ് മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ ഡോ. ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്രവകുപ്പ് അധ്യാപകന്‍ പ്രൊഫ. ഷൈജന്‍ ഡേവിസ് 'അക്കങ്ങള്‍ക്കപ്പുറം- സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.  വകുപ്പ് തയ്യാറാക്കിയ തൃശൂര്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാരുടെ സാമൂഹിക സാമ്പത്തിക ആരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ മൊത്ത സംസ്ഥാന മൂല്യവര്‍ദ്ധിത മേഖലകളിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനം (2014-2024), തൃശൂര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ ഡാറ്റ വിശകലനം (2021-25)എന്നീ റിപ്പോര്‍ട്ടുകള്‍ പ്രകാശനം ചെയ്തു. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) 2025 എന്ന റിപ്പോര്‍ട്ട് ബാംഗ്‌ളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി എയ്ന്‍ റോസ് ഡെന്നിയും വിമല കോളേജ് വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് അവതരിപ്പിച്ചു. വകുപ്പിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി 'നിര്‍മ്മിത ബുദ്ധിയും മാനവ പുരോഗതിയും' എന്ന വിഷയത്തില്‍ സംവാദസദസ്സും വിവിധ കലാപരിപാടികളും അരങ്ങേറി.

സംവാദ മത്സരത്തില്‍ തലപ്പിള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ജോയല്‍ സി. ജോസ്, ടി. ഇന്ദു മോഹന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും ചാവക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എം.പി നിസാര്‍, സി.ജെ ടിന ബ്ലെസി എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയിക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി എന്നിവയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്ത് ആദരിച്ചു. വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

date