സാമൂഹ്യനീതി വകുപ്പ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'നശാ മുക്ത് ഭാരത് അഭിയാന്‍' പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്കും എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികള്‍ക്കുമായി ജില്ലാതല പരിപാടി സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജ് തൃശ്ശൂരിന്റെ കവിപ്രതിഭ ഹാളില്‍ നടന്ന പരിപാടി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ആധുനിക സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ടി.കെ സുധീഷ് വിശദീകരിച്ചു. ലഹരി, ലോകത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും അടിസ്ഥാന കാരണമാണെന്നും ആധുനിക കാലഘട്ടത്തില്‍ മൊബൈല്‍ സ്‌ക്രീന്‍ അഡിക്ഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനവും വിവേകപൂര്‍വം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ജീവിതത്തെ ലഹരിയാക്കൂ', 'ലഹരിക്കെതിരെ പരസ്പരം കൈകോര്‍ക്കൂ' എന്ന സന്ദേശം അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി.
ചടങ്ങില്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. കെ.എ മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റിന്‍ ചാക്കോള, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിജോസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ്, സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഡെയ്‌സണ്‍ പനങ്ങാട്ടില്‍, ഡോ. റീജ ജോണ്‍സണ്‍, തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനോടൊപ്പം നശാ മുക്ത് ഭാരത് അഭിയാന്‍ പ്രതിജ്ഞയും ബോധവല്‍ക്കരണ ക്ലാസ്സും, ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്കിന്റെ സഹകരണത്തോടെ ''ജീവിതമാണ് ലഹരി'' എന്ന വിഷയത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും നടത്തി. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് ശക്തമായി എത്തിക്കുന്നതിനും യുവജനങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് ഈ ക്യാമ്പയിന്‍ നടത്തിയത്.
വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഷെഫീക്ക് യൂസഫ് ലഹരി ദുരുപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിവസ്തുക്കളുടെ ദുരുപയോഗം സമൂഹത്തിനും പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും, സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ ബോധവല്‍ക്കരണ പ്രചാരണമാണ് നാശാ മുക്ത് ഭാരത് അഭിയാന്‍. ലഹരി ഉപയോഗംമൂലമുണ്ടാകുന്ന ആരോഗ്യപരവും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ലഹരിമുക്തവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ അഭിയാന്റെ പ്രധാന ലക്ഷ്യം.
- Log in to post comments