72-ാമത് നെഹ്റു ട്രോഫി ജലമേള: വിപുലമായ പ്രചാരണങ്ങളുമായി പബ്ലിസിറ്റി കമ്മിറ്റി
ആഗസ്‌റ്റ് 22-ന് പുന്നമടക്കായലിൽ അരങ്ങേറുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടറേറ്റിൽ ചേർന്ന പബ്ലിസിറ്റി കമ്മിറ്റി യോഗത്തിലാണ് വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകിയത്.
പബ്ലിസിറ്റി കമ്മറ്റി ഔദ്യോഗിക ഭാഗ്യചിഹ്ന മത്സരത്തിന് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. ഭാഗ്യചിഹ്നത്തിന് പേരിടൽ, 'നിറച്ചാർത്ത്', കമന്ററി, ഫേസ് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തും.
ആലപ്പുഴ പ്രസ് ക്ലബ്ബും മോഹനൻ പരമേശ്വരൻ ഫൗണ്ടേഷനുമായി സഹകരിച്ച് വള്ളംകളിയുടെ ചരിത്രവും ആവേശവും വിളിച്ചോതുന്ന ഫോട്ടോ പ്രദർശനവും ഒരുക്കും. ജനങ്ങളിലേക്ക് വേഗത്തിലെത്തുന്നതിനായി ആകർഷകമായ പ്രമോ വീഡിയോയും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രത്യേക കാമ്പയിനുകളും എക്സിബിഷൻ ബസ് തുടങ്ങിയ വൈവിധ്യമാർന്ന മറ്റ് പ്രചാരണ പരിപാടികളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ വള്ളംകളിക്ക് മികച്ച റിപ്പോർട്ടുകൾ തയ്യാറാക്കുന്ന മാധ്യമപ്രവർത്തകർക്ക് അവാർഡ് തുടരാനും തീരുമാനിച്ചു. പബ്ലിസിറ്റി കമ്മിറ്റിയുടെ ഓഫീസ് കളക്ടറേറ്റ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു.
പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ പുരം ശിവകുമാർ, കൗൺസിലർമാരായ എ.എം. നൗഫൽ, ബെന്നി ജോസഫ്, റ്റി .ആർ. ആസാദ്, രമേശൻ ചെമ്മാപറമ്പിൽ, എസ്.എ. അബ്ദുൽസലാം ലബ്ബ, കെ. നാസർ, സുബാഷ് ബാബു, പി.കെ. ബൈജു, നസീർ പുന്നക്കൽ, ഹരികുമാർ വാലേത്ത്, അസിസ്റ്റന്റ് എഡിറ്റർ ടി.എ. യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ്. സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1281)
- Log in to post comments