Skip to main content

അനധികൃത മത്സ്യബന്ധനം: രണ്ട് യാനങ്ങൾ പിടികൂടി; 20,000 രൂപ പിഴ ഈടാക്കി

 

കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. 

ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നീ ഭാഗങ്ങളിലെ കിഴക്കൻ കായൽ മേഖലകളിൽ  അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര പരിശോധന. കഴിഞ്ഞ ദിവസം  നടത്തിയ ഈ മിന്നൽ പരിശോധനയിൽ അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് യാനങ്ങൾ പിടികൂടി, നിയമലംഘനം നടത്തിയവരിൽ    നിന്നും 20,000 രൂപ പിഴയായി ഈടാക്കി.

ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ, ബാക്ക് വാട്ടർ ഇൻസ്പെക്ടർ സീതാലക്ഷ്മി എന്നിവരുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ      
എസ് രാഗേഷ്., ഫിഷറീസ് ഓഫീസർ  തൃതീയകുമാർ എം സിംജാദ്, ഫിഷറീസ് അസിസ്റ്റന്റ് സെയ്ദ് മുഹമ്മദ്‌, പ്രൊമോട്ടർ സുശീലൻ, സീ റെസ്ക്യു ഗാർഡ് മാരായ  സെബാസ്റ്റ്യൻ, പ്രയ്‌സ് മോൻ എന്നിവരടങ്ങിയ സംഘമാണ് പട്രോളിംഗിന് നേതൃത്വം നൽകിയത്. 

പരിശോധനകൾക്ക് ആര്യാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ . അഞ്ജനയും പ്രാദേശിക മത്സ്യത്തൊഴിലാളികളും പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കായലുകളിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ജനങ്ങൾ നൽകുന്ന പരാതികളിൽ ഉടനടി നടപടിയുണ്ടാകുമെന്നും പട്രോളിങ് കൂടുതൽ ഊർജ്ജിതമാക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ ദിവസം പരിശോധന നടന്ന സ്ഥലത്ത് സംഘമായി മത്സ്യബന്ധനത്തിനെത്തിയ  ചിലർ  വയർലെസ്സ് വാക്കി-ടോക്കികളുടെ സഹായത്തോടെ പട്രോളിങ് വിവരം പരസ്പരം കൈമാറുകയും സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. ഇവർക്കായുള്ള നിരീക്ഷണം ശക്തമാക്കുമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് (KIFA) പ്രകാരം വരും ദിവസങ്ങളിലും കർശനമായ നിയമനടപടികൾ തുടരുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവാഹ (വാഹവരാൽ) തുടങ്ങിയ മത്സ്യങ്ങളെ ലക്ഷ്യമിട്ട് ചെറിയ കണ്ണികളുള്ള വലകൾ ഉപയോഗിക്കുന്നവർക്കെതിരെയും, മൺസൂൺകാലത്തെ മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്ന ഊത്തപിടുത്തം ഉൾപ്പടെയുള്ള അനധികൃത മത്സ്യബന്ധന രീതികൾ തടയുന്നതിനായും ജില്ലയിൽ മുൻപും ഫിഷറീസ് വകുപ്പ് വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ശക്തമായ റെയ്ഡുകളിൽ നദികളിലും കായലുകളിലും അനധികൃതമായി സ്ഥാപിച്ച നിരവധി മത്സ്യബന്ധന വലകളും മത്സ്യക്കൂടുകളും വകുപ്പ് കണ്ടെത്തി നശിപ്പിച്ചിരുന്നു.

date