പ്ലസ് വണ്‍ പ്രവേശനോത്സവം വിദ്യാര്‍ത്ഥികളുടെ നൈപുണ്യശേഷി വിപുലമാക്കും: മന്ത്രി പിസി വിഷ്ണുനാഥ്
പുതിയലോകക്രമത്തിന് അനുസൃതമായ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യശേഷി പരമാവധി വിപുലപ്പെടുത്തുമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. പള്ളിമണ്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെണ്ടാര്‍ വിദ്യാധിരാജ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്ലസ് വണ്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴില്‍സാധ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കണം. അവരുടെ സമഗ്ര വ്യക്തിത്വവികസനത്തിന് ഊന്നല്‍നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാകണമെന്നും നൂതനമായ വൈജ്ഞാനിക-സാങ്കേതിക-സംരംഭക ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നസിമുദീന്‍, വിദ്യാധിരാജ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ബി പി സുരേഷ്‌കുമാര്‍ എന്നിവര്‍ യോഗങ്ങളില്‍ അധ്യക്ഷരായി. വിദ്യാധിരാജ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് സിന്ധു, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അജികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം, ബ്ലോക്ക് പഞ്ചായത്ത് അംഗം മഹേശ്വരി, നെടുമ്പന ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷാഹിര്‍, പഞ്ചായത്ത് അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments