Skip to main content

പഞ്ചായത്തുകൾ തനതുവരുമാനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത നേടണം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

 

​സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നൽകുന്ന ഗ്രാന്റുകളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന രീതി മാറണമെന്നും, തനതുവരുമാനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു.കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും കേരള തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആത്മനിർഭർ പഞ്ചായത്ത് പദ്ധതി വിശദീകരണ ശില്പശാലയുടെ ഉദ്ഘാടനം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

​സാമ്പത്തിക പ്രയാസം നേരിടുന്ന പഞ്ചായത്തുകൾ പ്രതിസന്ധി മറികടക്കാൻ സ്വന്തം നിലയിൽ പണം സ്വരൂപിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇതിനായി റവന്യൂ വകുപ്പുമായി ചേർന്നുള്ള ഇടപെടലുകൾക്ക് സർക്കാർ മുൻകൈ എടുക്കും.
​
അധികാരങ്ങൾ പൂർണ്ണമായി വികേന്ദ്രീകരിക്കണം.
​ഫണ്ട് അനുവദിക്കുന്നതുകൊണ്ട് മാത്രം തദ്ദേശ സ്ഥാപനങ്ങൾ ശക്തിപ്പെടില്ല. യഥാർത്ഥ വികേന്ദ്രീകരണം എന്നാൽ സാമ്പത്തിക സഹായത്തോടൊപ്പം ആവശ്യമായ അധികാരങ്ങൾ കൂടി കൈമാറലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
​ഒരു ഫെഡറൽ സിസ്റ്റത്തിനകത്ത് നിന്ന് പഞ്ചായത്തുകൾക്ക് നിർവ്വഹിക്കാൻ കഴിയുന്ന മുഴുവൻ അധികാരങ്ങളും പൂർണ്ണമായി വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾ വരുംദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. അധികാരം കൈമാറുന്നതിനൊപ്പം തന്നെ സ്വന്തം വരുമാനം വർദ്ധിപ്പിക്കാനുള്ള ബാധ്യത പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും, അതിനായി ഈ പരിശീലന പരിപാടി പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

 

ഹൈബി ഈഡൻ എം.പി അധ്യക്ഷനായ ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ടർ അപൂർവ്വ ത്രിപാഠി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റ്റിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ, കില ഡയറക്ടർ ജനറൽ എൻ. ദേവിദാസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ബി ആർ പ്രേമി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

 

 

date