Skip to main content

ഭക്ഷ്യസുരക്ഷാ പരിശോധന ജില്ലയില്‍ മൂന്ന് മാസത്തിനിടെ 1497 സ്ഥാപനങ്ങളില്‍ പരിശോധന; 1.67 ലക്ഷം രൂപ പിഴ ഈടാക്കി

 
ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് മാസത്തിനിടെ 1497 സ്ഥാപനങ്ങളില്‍   പരിശോധന നടത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അറിയിച്ചു.  നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 1,67,900 രൂപ പിഴ ഈടാക്കി. 223 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 918 ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പിച്ചു. 42 കേസുകള്‍ കോടതികളിലാണ്.

ക്ലീന്‍ കേരള ക്യാമ്പയിനിന്റെ ഭാഗമായി 509 പരിശോധനകള്‍ നടത്തി, 103 സാമ്പിളുകള്‍ ലാബുകളിലേക്ക് നല്‍കി. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 'ഓപ്പറേഷന്‍ സേഫ് സമ്മര്‍' പരിശോധനയ്ക് സ്‌ക്വാഡുകള്‍ രൂപീകരിച്ച് 443 പരിശോധനകള്‍ നടത്തി, 97 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. റംസാനോടനുബന്ധിച്ച് 149 പരിശോധനകള്‍ നടത്തി 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഉത്സവ മേഖലയായി പ്രഖ്യാപിച്ച ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളിലും കൃത്യമായ ഇടവേളകളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്. വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് പൂട്ടി ലേബല്‍ ചെയ്ത സ്വകാര്യ സ്ഥാപനം നിയമവിരുദ്ധമായി വീണ്ടും പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് കൈമാറി. സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് വിവിധ ബോധവല്‍ക്കരണ ക്ലാസുകളും പരിശീലന പരിപാടികളും  സംഘടിപ്പിച്ചു.

 യോഗത്തില്‍ എ.ഡി.എം. എസ്. സജീദ് അധ്യക്ഷനായി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ഏകോപനം വിലയിരുത്താന്‍ കലക്ട്രേറ്റില്‍ എ.ഡി.എം എസ്. സജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവരങ്ങള്‍ വ്യക്തമാക്കിയത്.
 

 

 

date