അറിയിപ്പുകൾ
അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം
പാമ്പാക്കുട ഐസിഡിഎസ് രാമമംഗലം കോരങ്കടവ് അങ്കണവാടിയിൽ പൽന സ്‌കീമിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് രാമമംഗലം
പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും
അപേക്ഷകൾ ക്ഷണിച്ചു. ഈ വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം തൊട്ടടുത്തുള്ള വാർഡുകളിലെ യോഗ്യരായ വനിതകളേയും
പരിഗണിക്കും.
പ്ലസ് ടു ജയമാണ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള
യോഗ്യത.
2026 ജനുവരി ഒന്നിന് 35 വയസ്സ് തികയരുത്.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് ജയിച്ചിരിക്കണം.
2026 ജനുവരി ഒന്നിന് 35 വയസ്സ് തികയരുത്.
പൂരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതിയും മതവും, താമസം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
സഹിതം ജൂലൈ 22 ന് ഉച്ചയ്ക്ക് 2 മണി വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട
ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്.
അപൂർണ്ണമായി പൂരപ്പിച്ചതും മതിയായ രേഖകളില്ലാത്തതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷയോടൊപ്പം
അഞ്ചു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
തപാലിൽ അയക്കുന്നവർ 22 നകം കിട്ടത്തക്ക രീതിയിൽ ശിശുവികസന
പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ,
പിൻ - 686667 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0485 2274404.
ആത്മനിർഭർ പഞ്ചായത്ത് ശില്പശാല ഇന്ന്
പഞ്ചായത്തീരാജ് മന്ത്രാലയവും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് വരുമാനം വർധിപ്പിച്ച് സ്വയം പര്യാപ്തവും വികസനോന്മുഖവുമാക്കുന്നതിനായുള്ള ആത്മനിർഭർ പഞ്ചായത്ത് പ്രോഗ്രാം ഔട്ട്റീച്ച് വർക് ഷോപ് കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ ഇന്ന് (ജൂലൈ ഏഴ് ) രാവിലെ 10.30 ന് നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ ശില്പശാല ഇന്ന്
കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനവും പ്രവർത്തന മികവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 9.30 ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി ശില്പശാല ഉദ്ഘാടനം നിർവഹിക്കും.
കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനം, സംയുക്ത പ്രവർത്തനങ്ങളുടെ സാധ്യതകൾ, പ്രാദേശിക വികസനത്തിൽ കുടുംബശ്രീയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
- Log in to post comments