Skip to main content

പറവൂർ മണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

 

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലെ വിവിധ വികസന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ അടിയന്തര ഉദ്യോഗസ്ഥ യോഗം ചേർന്നു.

​

കോട്ടുപള്ളി - ചെമ്മായം, ആമ്പത്തോട്, പന്നക്കാട് - തുരുത്ത്, തുരുത്തൂർ - പൊയ്യ, കോട്ടപ്പുറം - തുത്തിപ്പുറം പാലങ്ങളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം സ്കൂളിന്റെ സ്ഥലം ഏറ്റെടുത്തതിൽ പലിശ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി നടപടികൾ പൂർത്തിയാക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. 

​

സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ച പുതിയ പദ്ധതികൾക്കായി പ്രത്യേക ലാൻഡ് അക്വിസിഷൻ (എൽ.എ) തഹസിൽദാർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. ചേന്ദമംഗലം കവല വികസനത്തിന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ റിപ്പോർട്ടിന് അനുമതി ലഭിക്കുന്നതോടെ തഹസിൽദാരെ നിയോഗിക്കും. പറവൂർ ഹോമിയോ ആശുപത്രി, കേസരി കോളേജ് പുതിയ കെട്ടിടം, സത്താർ ഐലൻഡ് പാലം എന്നിവയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികൾക്കായി പ്രത്യേക തഹസിൽദാർമാർക്ക് ഉടൻ ചുമതല കൈമാറും. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ നിർവ്വഹണ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

 

മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ടി ശ്രീകുമാറിൻ്റെ നിർദ്ദേശ പ്രകാരം കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മുഖ്യന്ത്രിയുടെ പ്രതിനിധിയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date