Skip to main content

സെൻസസ്: ജില്ലയിൽ നൂറ് ശതമാനം ഭവന വിവരശേഖരണം പൂർത്തിയാക്കി അഞ്ചു എന്യൂമറേറ്റർമാർ 

 

സെൻസസ് 2027 ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ജൂലൈ ഒന്നിന് തുടങ്ങിയ വീടുകളുടെ വിവരശേഖരണം 10 ദിവസം പിന്നിട്ടപ്പോൾ നൂറു ശതമാനം പൂർത്തിയാക്കി അഞ്ചു എന്യൂമറേറ്റർമാർ. 

തങ്ങൾക്ക് അനുവദിച്ചു കിട്ടിയ നിശ്ചിത മേഖലയിലെ ഒരോ വീടും നേരിൽ സന്ദർശിച്ചു, വീടിന് നമ്പറിടൽ, ലേഔട്ട്‌ മാപ്പ് തയ്യാറാക്കൽ, വീടുകളുടെ പട്ടികപ്പെടുത്തൽ, വിവരശേഖരണം എന്നീ കാര്യങ്ങളാണ് എന്യൂമറേറ്റർ ചെയ്യുന്നത്. 

കൂത്തുപറമ്പ്, തളിപ്പറമ്പ് മുനിസിപ്പാലിറ്റി പരിധികളിലെ രണ്ട് വീതം എന്യൂമറേറ്റർമാരും തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിലെ ഒരു എന്യൂമറേറ്ററുമാണ് നൂറ് ശതമാനം ഭവന വിവരശേഖരണം പൂർത്തിയാക്കിയത്. 

'സെൻസസ് 2027 എച്ച്എൽഒ' എന്ന മൊബൈൽ ആപ്പാണ് വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ ഉപയോഗിക്കുന്നത്. വ്യക്തികൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഡാറ്റ ശേഖരണത്തിന് നൽകേണ്ടത്. 

സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ്ണ പിന്തുണയും സഹകരണവും ജനങ്ങൾ നൽകണമെന്നും ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. 

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസ് രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക.

date