റവന്യൂ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകണം; ജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കണം: മന്ത്രി എ.പി അനിൽകുമാർ
#തിരുവനന്തപുരം ജില്ലാതല അവലോകനയോഗം ചേർന്നു#
പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വകുപ്പായതിനാൽ, റവന്യൂ ഉദ്യോഗസ്ഥർ സ്മാർട്ടായും സമർപ്പണബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂവകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനുമായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാതല അവലോകന യോഗം ചേർന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകൾക്ക് ശേഷം വകുപ്പിന് കീഴിലെ മൂന്നാമത്തെ ജില്ലാതല അവലോകന യോഗമായിരുന്നു നടന്നത്.
ഉന്നതികളിൽ താമസിക്കുന്നവരുടെയും തീരദേശ മേഖലയിലുള്ളവരുടെയും പട്ടയ പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകി. തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിലും ദുരന്തനിവാരണ വിഭാഗത്തിലും ഏഴ് വീതം പ്രായോഗിക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവ നിശ്ചിത സമയത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയ വിതരണം, റീ സർവേയുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ എന്നിവ അടിയന്തരമായി പരിഹരിക്കാൻ യോഗം തീരുമാനിച്ചു. സർവേ നടപടികളിലെ സബ് ഡിവിഷൻ കൃത്യമായി പൂർത്തിയാക്കി ഭാവിയിലെ പരാതികൾ ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കൽ പദ്ധതികളുടെ പുരോഗതി, കയ്യേറ്റം ഒഴിപ്പിക്കൽ, നികുതി പിരിവിലെ കാലതാമസം, ന്യായവില നിശ്ചയിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
14 ജില്ലകളിലെയും അവലോകന യോഗങ്ങൾക്ക് ശേഷം, നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കും. നിയമപരമായ തടസങ്ങൾ മൂലം എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിച്ചില്ലെങ്കിലും, ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരെ ക്ഷമയോടെ കേൾക്കാൻ ഓരോ ഉദ്യോഗസ്ഥനും കഴിയണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ,ജില്ലാ കളക്ടർ അനു കുമാരി, എ.ഡി.എം നിസ എ, സബ് കളക്ടർ ആൽഫ്രഡ് ഒ വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയി ദിനേശ് ഹപുരാം, നെടുമങ്ങാട് ആർ ഡി ഒ ജയകുമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സർവേയർമാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നിർദ്ദേശങ്ങളും ആശയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
- Log in to post comments