Skip to main content

പരിസ്ഥിതി കോണ്‍ഗ്രസിനു തുടക്കമായി

 

    സുസ്ഥിര വികസനത്തിന് പ്രധാന വെല്ലുവിളി നവീന സാങ്കേതികതയുടെ അഭാവമാണെന്ന്  ജലവിഭവ വകുപ്പ് മന്ത്രി മാത്യു. ടി തോമസ് അഭിപ്രായപ്പെട്ടു.  പതിമൂന്നാമത് കേരള എന്‍വയണ്‍മെന്റ് കോണ്‍ഗ്രസ് 2017 ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യ വികസന മേഖലകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ എത്ര കണ്ട് നവീനവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകളുണ്ടായിട്ടുണ്ടെന്നത് വിലയിരുത്തേണ്ട വസ്തുതയാണ്.  നിര്‍മാണമേഖല, ആരോഗ്യം,വിദ്യാഭ്യാസം, കുടിവെള്ള വിതരണം, മാലിന്യ സംസ്‌കരണം തുടങ്ങിയവ   താങ്ങാവുന്ന ചെലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുന്ന നൂതന സാങ്കേതിക സങ്കേതങ്ങളുടെ കണ്ടുപിടുത്തങ്ങളുണ്ടാവേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഐ.ടി അനുബന്ധമേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ ഇത്തരം ശ്രമങ്ങള്‍ കാണാന്‍ കഴിയുന്നതെന്നും മറ്റ് സാങ്കേതിക ശാഖകളില്‍ അതിന്റെ കുറവ് പഠനവിഷയ മാക്കേണ്ടതാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. 
    ചടങ്ങില്‍ കെ.ഇ.സി 2017 ന്റെ  നടപടിക്രമങ്ങള്‍ മന്ത്രി പ്രകാശനം ചെയ്തു. സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ സി.ഇ.ഡി ചെയര്‍മാന്‍ പ്രൊഫ. വി.കെ ദാമോദരന്‍, ജി.എസ്.എല്‍.വി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. ഉമാ മഹേശ്വരന്‍, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ്.സി. ജോഷി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ പദ്മ മൊഹന്തി, ഇ.എം.സി ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍, സി.ഇ.ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, സി.ഇ.ഡി പ്രോഗ്രാം ഡയറക്ടര്‍ ഡോ. ടി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.  എന്‍വയണ്‍മെന്റ് കോണ്‍ഗ്രസ് നാളെ സമാപിക്കും. 
 

date