Skip to main content

അമൃത് പദ്ധതി: 268 കോടി രൂപയുടെ  പദ്ധതികള്‍ക്ക് അംഗീകാരമായി 

അമൃത് പദ്ധതി സംസ്ഥാനതല സാങ്കേതിക സമിതിയുടെ പദ്ധതി വിശകലന യോഗത്തില്‍ 268 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി.  കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട്, കണ്ണൂര്‍ തുടങ്ങി എഴ് അമൃത് നഗരങ്ങളില്‍ നിന്നുള്ള  33 പദ്ധതികളാണ്  വിശകലനം ചെയ്തത്. പദ്ധതികള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയിലേയ്ക്ക് ഭരണാനുമതിക്കായി ശുപാര്‍ശ ചെയ്തു. അമൃത് പദ്ധതിയുടെ ദ്രുതഗതിയിലുള്ള നിര്‍വ്വഹണ പുരോഗതിക്ക് ആവശ്യമായ ശുപാര്‍ശകളും യോഗം അംഗീകരിച്ച് ഉന്നതാധികാര സമിതിക്ക് നല്‍കി.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പത്ത് കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് 88.31 കോടി രൂപ, കൊച്ചി കോര്‍പ്പറേഷന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ  സ്വീവേജ് & സെപ്‌റ്റേജ് സെക്ടര്‍ പദ്ധതികള്‍ക്ക് 51.39 കോടി രൂപ, കൊല്ലം കോര്‍പ്പറേഷന്‍, കൊച്ചി കോര്‍പ്പറേഷന്‍, ആലപ്പുഴ മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പ്പറേഷന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് സെക്ടര്‍ (12 പദ്ധതികള്‍) ക്ക് 106.11 കോടി രൂപ, കൊല്ലം കോര്‍പ്പറേഷന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ (2 പദ്ധതികള്‍) ക്ക് 19.74 കോടി രൂപ, കൊല്ലം കോര്‍പ്പറേഷന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ തുറസ്സായ സ്ഥലവും പാര്‍ക്കു നിര്‍മ്മാണവുമടക്കം 5 പദ്ധതികള്‍ക്ക് 2.45 കോടി രൂപ എന്നിവയാണ് അംഗീകരിക്കപ്പെട്ട പദ്ധതികള്‍.  

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, വിവിധ കോര്‍പ്പറേഷനുകളിലെ ജനപ്രതിനിധികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

പി.എന്‍.എക്‌സ്.5217/17

date