Skip to main content

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കക്കോടി ബസാറില്‍ ഹെല്‍ത്ത് സെന്ററിന് മുന്‍വശം ഓവുചാല്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ജൂലൈ 17 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കക്കോടി ബൈപാസ് റോഡ് വഴി പോകണം. ബൈപാസ് റോഡില്‍ പാര്‍ക്കിങ് നിരോധിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

വിദ്യാഭ്യാസാനുകൂല്യം: അപേക്ഷാ തീയതി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഒ.ഇ.സി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് www.egrantz.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.

നഴ്‌സിങ് ഓഫീസര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഐ.ആര്‍.സി.യുവിലേക്ക് നഴ്‌സിങ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത: ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവൃത്തിപരിചയമുള്ളര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2359645.

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ 179 ദിവസത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. 60 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് ജൂലൈ 21ന് ഉച്ചക്ക് 12.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 04952399645.

ഗതാഗത നിയന്ത്രണം

ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി റോഡ് ടാറിങ് ആരംഭിക്കുന്നതിനാല്‍ നാളെ (ജൂലൈ 17 വെള്ളി) മുതല്‍ ഫറോക്ക് പുതിയപാലം മുതല്‍ ചെറുവണ്ണൂര്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മെഡിക്കല്‍-എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

വിഷന്‍ പ്ലസ് പദ്ധതിയില്‍ മെഡിക്കല്‍-എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള ധനസഹായത്തിന് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പ്ലസ് ടു പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 54,000 രൂപയാണ് അനുവദിക്കുക.

മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പ്ലസ്ടു/വി.എച്ച്.എസ്.ഇ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം ലഭിക്കുക. പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളില്‍ എ 2 ഗ്രേഡ് ലഭിച്ച സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡ് ലഭിച്ച ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന തലത്തില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുക.

അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം രൂപ) എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവയും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0495 2370379.

പെന്‍ഷന്‍ മസ്റ്ററിങ്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് മുഖേന 2025 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ 30 വരെ തീയതികളില്‍ അക്ഷയ കേന്ദ്രം മുഖേന പെന്‍ഷന്‍ മസ്റ്ററിങ് നടത്തണം. ഫോണ്‍: 0495 2378480.

date