Skip to main content

സാങ്കേതിക പിഴവിന്റെ പേരിൽ നിരസിച്ച ബോണസ് തുക മന്ത്രി ഇടപെട്ട് അനുവദിച്ചു

നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്തപ്പോൾ ഗ്രൂപ്പ് ഓപ്ഷൻ മാറിപ്പോയെന്ന സാങ്കേതിക പിഴവിന്റെ പേരിൽ നെൽകർഷക സമിതിക്ക് മൂന്നുവർഷമായി നൽകാതിരുന്ന ബോണസ് തുക അനുവദിച്ചു. കഴിഞ്ഞ സർക്കാരിൽ പലതവണ അപേക്ഷിച്ചിട്ടും നിരസിച്ച ബോണസ് തുകയാണു ഭക്ഷ്യ-സിവിൽ സപ്ളൈസ്  മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലിൽ കർഷകസമിതിക്ക് അനുവദിച്ചത്.

തിരുവനന്തപുരം കൊല്ലയിൽ പഞ്ചായത്തിലെ കളത്തറയ്ക്കൽ നെൽകർഷക സമിതി, 2023-24 സീസണിൽ നെല്ല് സംഭരണത്തിന് 10.5 ഹെക്ടർ സ്ഥലം അക്ഷയ വഴി രജിസ്റ്റർ ചെയ്തപ്പോൾ 'ഗ്രൂപ്പ്' എന്ന ഓപ്ഷൻ എന്നിടത്ത് ശ്രദ്ധിക്കാതെ 'വ്യക്തിഗത' ഓപ്ഷനാണ് തിരഞ്ഞെടുത്തത്. ഇതുവഴി, ഗ്രൂപ്പിനത്തിൽ ലഭിക്കേണ്ട സംസ്ഥാന പ്രോത്സാഹന ബോണസ് അനുവദിച്ചിരുന്നില്ല.

കർഷകരുടെ ദുരിതം ശ്രദ്ധയിൽപ്പെട്ട മന്ത്രി, അർഹതപ്പെട്ട തുക ഒരു സാങ്കേതിക പിഴവിന്റെ പേരിൽ നിഷേധിക്കുന്നത് ഉചിതമല്ലെന്നു വ്യക്തമാക്കി തുക അനുവദിക്കാൻ പ്രത്യേക അനുമതി നൽകണമെന്നു നിർദ്ദേശിക്കുകയായിരുന്നു. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് ന്യായമായ സംഭരണവില ഉറപ്പുവരുത്താനുമാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് നൽകി വരുന്നതെന്നു മന്ത്രി പറഞ്ഞു. 1,29,783 രൂപയാണ് അനുവദിച്ചത്.

പി.എൻ.എക്‌സ്. 2594/2026

date