Skip to main content

ലോക യുവജന നൈപുണ്യ ദിനം: തവനൂരില്‍ അസാപ് കേരളയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷം

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് തവനൂര്‍ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അഡ്വ. വി.എസ്. ജോയ് എം.എല്‍.എ.പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനിക തൊഴില്‍ മേഖലകളില്‍ യുവജനങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറയെ സ്വയംപര്യാപ്തരാക്കുന്നതില്‍ അസാപ് കേരള വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.  തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ സിദിഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ അസാപ് കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.  ചടങ്ങില്‍ അസാപ് കേരള മാനേജര്‍ കെ.എസ്. ഷഹന സ്വാഗതവും ഡെപ്യൂട്ടി മാനേജര്‍ ജിഷിന്‍ ശൈലിന്‍ നന്ദിയും രേഖപ്പെടുത്തി. തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മുത്തു എന്നിവര്‍ ആശംസകള്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date