എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്ക് ആസൂത്രണസമിതിയുടെ അംഗീകാരം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ 4.47 കോടി രൂപയുടെ 107 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെള്ളിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നതിന് 10 ലക്ഷം രൂപയും പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് പഞ്ചായത്തിന്റെ പ്രധാന കവലകളില്‍ പ്ലാസ്റ്റിക് കളക്ഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് 2.87 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. എഴുമറ്റൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നിര്‍മാണത്തിന് 10 ലക്ഷം രൂപയും കലാസാംസ്‌കാരിക വികസനത്തെ ലക്ഷ്യം കണ്ടുകൊണ്ട് പടയണി കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 1.5 ലക്ഷം രൂപയും പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് എംഎല്‍എ ഫണ്ടിനൊപ്പം 25 ലക്ഷം രൂപയും ശ്മശാനത്തിന് സ്ഥലം വാങ്ങുന്നതിന് 6.32 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സമഗ്ര പച്ചക്കറികൃഷി, തെങ്ങുംതൈ, കുറ്റികുരുമുളക് തൈ, ഇടവിളകൃഷിക്ക് ആവശ്യമായ വിത്തുകളും, വെറ്റിനറി മേഖലയില്‍ കറവപ്പശുവിന് കാലിത്തീറ്റയും, കാലിത്തൊഴുത്ത് നവീകരണവും പാലിന് സബ്സിഡിയും ചേര്‍ത്ത് 59 ലക്ഷം രൂപയും ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റോഡ് വികസനത്തിന് മെയിന്റനന്‍സ് ഗ്രാന്റും പദ്ധതി വിഹിതവും ചേര്‍ത്ത് 1.37 കോടി രൂപയും പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണത്തിനായി മൂന്ന് ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനവും സാമൂഹിക പശ്ചാത്തല വികസനവും ലക്ഷ്യമാക്കി 45 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രൊജക്ടുകളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് പ്രസിഡന്റ് ജയന്‍ പുളിയ്ക്കല്‍ അറിയിച്ചു. (പിഎന്‍പി 36/19)
- Log in to post comments