Skip to main content

കേൾവി പരിമിതർക്ക് തണലായി ഹൈബി ഈഡൻ എം.പിയുടെ സൗജന്യ ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പ്; 44 പേർക്ക് ഉപകരണങ്ങൾ കൈമാറി

 

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കേൾവി പരിമിതരായവർക്ക് ആശ്വാസമേകി ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ സൗജന്യ ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലത്തിൽ വർഷങ്ങളായി വിജയകരമായി നടപ്പിലാക്കിവരുന്ന വിവിധ കാരുണ്യ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ മണ്ഡലത്തിലെ അർഹരായ 44 പേർക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്തു.
 ഐടി കമ്പനിയായ സാരംഗ ജിയോ സോഫ്റ്റ്‌വെയർ & എഞ്ചിനീയറിംഗ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി സ്പോൺസർ ചെയ്തത്. സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു ഹിയറിംഗ് എയ്ഡുകളുടെ വിതരണം. ക്യാമ്പിൽ വിതരണം ചെയ്ത ഉപകരണങ്ങൾക്ക് ആവശ്യമായ കൃത്യമായ വാറണ്ടിയും തുടർന്നുള്ള സാങ്കേതിക സഹായങ്ങളും ഫൗണ്ടേഷൻ ഉറപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, തൃക്കാക്കര മുൻസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എസ്. അനിൽകുമാർ, പി.എസ്. സുജിത്, കൗൺസിലർമാരായ എം.എ. തോമസ്, പി.കെ. അലി, സാരംഗ ജിയോ സോഫ്റ്റ്‌വെയർ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് വൈഷ്ണവ് സദാനന്ദൻ, രഞ്ജിത്ത് ടി.ആർ, സി.സി. ബിജു, ഉണ്ണി കാക്കനാട് തുടങ്ങിയവർ  പങ്കെടുത്തു.

date