Skip to main content

വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ഒരു ലഹരിയാകണം: കൊച്ചി മേയർ

 

വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ഒരു ലഹരിയായി മാറണമെന്ന് കൊച്ചി മേയർ അഡ്വ. വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി കോർപ്പറേഷന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം നിർമ്മിക്കുന്ന  പച്ചത്തുരുത്ത്  പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മേയർ.
അതിജീവനത്തിനായി ആഗോളതാപന പ്രതിഭാസത്തിന്റെ സ്വാധീനത്തെ ചെറുക്കാൻ കഴിയുന്ന ഏറ്റവും പ്രായോഗികമായ ഇടപെടലാണ് പച്ചത്തുരുത്തുകളെന്ന് മേയർ കൂട്ടിച്ചേർത്തു.

 

പൊതുസ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി, തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

ബ്രഹ്മപുരം പ്ലാന്റിന് പരിസരത്ത് നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ വിദ്യാർത്ഥികളെ കളക്ടർ അഭിനന്ദിച്ചു.

 

കൊച്ചി കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ അദ്ധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.കെ അഷ്റഫ്, കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ, കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു,ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ആർ സന്ദീപ് , സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് സുജിത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രമേശ് ബാലൻ, പി.വി ഗിരീഷ് , ഹരിതകേരളം മിഷൻ നഗരസഭ കോ ഓഡിനേറ്റർ നിസ്സ നിഷാദ്, ബ്ലോക്ക് കോ ഓഡിനേറ്റർ എ.എ സുരേഷ് , ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, വരിക്കോലി കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സൈൻസ് ആൻഡ് റിസർച്ചിലെ എൻ.എസ്.എസ് (NSS) പ്രോഗ്രാം ഓഫീസർ കെ.എസ് ജിതാമോൾ ,അധ്യാപകർ വിദ്യാർത്ഥികൾ  എന്നിവർ പങ്കെടുത്തു

date