കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപം കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; അടിയന്തര നടപടികൾക്ക് നഗരസഭയ്ക്ക് നിർദ്ദേശം
കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള റോഡിൽ സൈക്കിളിൽ യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി 30 അടി താഴ്ചയിലേക്ക് വീണ് കുട്ടി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് കർശന നിർദ്ദേശം നൽകി.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു വലിയ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു ജീവൻ പൊലിഞ്ഞതിന് ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല. കുട്ടികളെ എപ്പോഴും പൂർണ്ണമായി നിയന്ത്രിച്ചു കൊണ്ടുപോകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കുട്ടി-ബാലസൗഹൃദമായ സുരക്ഷിത സംവിധാനങ്ങൾ ഉണ്ടാവണമെന്നാണ് കമ്മീഷൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനമായ രീതിയിൽ അപകട ഭീഷണിയുയർത്തുന്ന നിരവധി സാഹചര്യങ്ങൾ പലയിടങ്ങളിലും കാണാറുണ്ടെന്നും, ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. അപകടം സംബന്ധിച്ച് സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ, വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
- Log in to post comments