Skip to main content

ലോക ജനസംഖ്യാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. "പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും" എന്ന ഈ വർഷത്തെ ദിനാചരണ സന്ദേശം രേഖപ്പെടുത്തിയ ഗ്രാഫിറ്റി വാൾ എം.എൽ.എ പ്രകാശനം ചെയ്തു.

 ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി  മുഖ്യപ്രഭാഷണം നടത്തി. അമ്മയുടേയും കുഞ്ഞിന്റെയും ക്ഷേമത്തിന് പ്രസവങ്ങൾ തമ്മിലുള്ള ഇടവേള പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എ ഷീജ വിഷയാവതരണം നടത്തി. കുടുംബാസൂത്രണത്തിൽ പുരുഷൻമാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്ജ് സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പുരുഷൻമാർക്കായുള്ള കുടുംബാസൂത്രണ മാർഗ്ഗമായ എൻ.എസ്.വി (നോ സ്‌കാൽപൽ വാസക്ടമി) ക്യാമ്പ് താലൂക്കാസ്ഥാന ആശുപത്രിയിൽ സംഘടിപ്പിച്ചു. ജനറൽ ആശുപത്രി സർജൻ ഡോ. പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടന്നത്.  ചാലക്കുടി സെയിന്റ് ജെയിംസ് അക്കാദമിയിലെ നഴ്‌സിംഗ് - ഫാർമസി വിദ്യാർത്ഥികൾ വിവിധ ബോധവത്ക്കരണ പരിപാടികളും അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.വി പോൾ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫ സന്തോഷ്, വാർഡ് കൗൺസിലർ മേഴ്‌സി ടീച്ചർ,  താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.എ മിനിമോൾ, ജില്ലാ നഴ്‌സിംഗ് ഓഫീസർ പി ഉമാദേവി, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.എം ശ്രീജ, ടെക്‌നിക്കൽ അസിസ്റ്റന്റ് എ.ജെ ആന്റോ തുടങ്ങിയവർ സംസാരിച്ചു.

date