ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്താൻ കണ്ണൂർ സിറ്റി പോലീസ്
-വാക്കത്തോൺ ശനിയാഴ്ച്ച ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഫ്ലാഗ്ഓഫ് ചെയ്യും
'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പോലീസ് മുൻകൈ എടുത്ത് നടത്തുന്ന പരിപാടിയുടെ ഭാഗമായി ജൂലൈ 18 ന് രാവിലെ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ (സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ ഗ്രൗണ്ടിൽ) ലഹരിക്കെതിരായ വാക്കത്തോണും വിവിധ പരിപാടികളും നടക്കും. സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ തൂഫാൻ ഫ്ലാഗ് ഉയർത്തുകയും ലഹരിക്കെതിരെയുള്ള പ്രതിജ്ഞയെടുക്കുകയും ചെയ്യും. തുടർന്ന് ആഭ്യന്തര മന്ത്രി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കാൽടെക്സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ അവസാനിക്കും.
ഓപ്പറേഷൻ തൂഫാൻ സംഗീത ശില്പം, ഫ്ലാഷ് മോബ്, സിഗ്നേച്ചർ വാൾ തുടങ്ങിയ പരിപാടികളും അരങ്ങേറും.
മേയർ അഡ്വ. പി ഇന്ദിര, കെ സുധാകരൻ എംപി, അഡ്വ. ടി ഒ മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഉത്തര മേഖല ഐജി പുട്ട വിമലാദിത്യ, ജില്ലാ കലക്ടർ പി വിഷ്ണുരാജ്, കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക്, സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി തുടങ്ങിയവർ സന്നിഹിതരാകും.
- Log in to post comments