ബ്രിക്സ് സമ്മേളനം: ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല യോഗം
ജൂലൈ 6 മുതൽ 9 വരെ എറണാകുളത്ത് നടക്കുന്ന ബ്രിക്സ് വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി കാരലിൻ ഖോങ്വർ ദേശ്മുഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മന്ത്രിതല ചർച്ചകൾ, പാനൽ സംവാദങ്ങൾ, പ്രദർശനമേള എന്നിവ സംഘടിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികൾ എത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സ്വീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ-താമസ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. സുരക്ഷയും മറ്റ് അനുബന്ധ ക്രമീകരണങ്ങളും കർശനമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ വി. വിഘ്നേശ്വരി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് മേധാവി എസ്. കാളിദാസ് മഹേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments