Skip to main content

പുകയില നിയന്ത്രണ നിയമം ലംഘിച്ചവർക്കെതിരെ വ്യാപക നടപടിയുമായി ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്; 92,000 രൂപ പിഴ ഈടാക്കി

 

 സർക്കാരിന്റെ ലഹരി വിരുദ്ധ നയത്തിന്റെ ഭാഗമായി ജില്ലയിൽ പുകയില നിയന്ത്രണ നിയമം (COTPA) കർശനമായി നടപ്പാക്കുന്നതിന് 
ജില്ലാ മെഡിക്കൽ ഓഫീസ്, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലാ പുകയില നിയന്ത്രണ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരം സംയുക്ത പരിശോധന നടത്തി.

 

450-ഓളം കടകളിലും, പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ച് 
160 സ്കൂളുകളുടെ പരിസരങ്ങളിലുമായി നടത്തിയ വ്യാപക പരിശോധനയിൽ നിയമലംഘകർക്കെതിരെ 92,000 രൂപ പിഴ ചുമത്തുകയും നൂറുകണക്കിന് അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യുകയും ചെയ്തു.

 

​കൊച്ചി കോർപറേഷൻ പരിസരങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷാ നേതൃത്വം നൽകി. കോർപറേഷൻ പരിധിയിലെ 32 കടകളിൽ നടത്തിയ പരിശോധനയിൽ 3,200 രൂപ പിഴ ഈടാക്കുകയും മുപ്പതോളം പുകയില പരസ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

​

താലൂക്ക്-ജില്ലാ തലങ്ങളിൽ നടന്ന പരിശോധനകൾക്ക് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആരതി കൃഷ്ണൻ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.ടി സന്തോഷ് , ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഹാഷിം എന്നിവരും, എക്‌സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അക്ബർ, മട്ടാഞ്ചേരി സിവിൽ എക്‌സൈസ് ഓഫീസർമാരായ അരവിന്ദ്, അബ്ദുൽ സനദ് എന്നിവരും നേതൃത്വം നൽകി. പോലീസ് വകുപ്പിൽ നിന്ന് ജിമ്മി ജോസ്, ബെന്നി എന്നിവരും, കേരള വോളണ്ടറി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സജു ഇട്ടി, പ്രോഗ്രാം ഓഫീസർ ഷീബ, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം ഓഫീസർ നിഷ എന്നിവരും വിവിധയിടങ്ങളിലെ സ്ക്വാഡ് പരിശോധനകളിൽ പങ്കാളികളായി.ജില്ലയിലുടനീളമുളള ആരോഗ്യ സ്ഥാപനങ്ങളിലെ ഹെൽത്ത് സൂപ്പർവൈസർമാരും , ഹെൽത്ത് ഇൻസ്പെക്ടർമാരും, പ്രദേശത്തെ എക്സൈസ്, പോലീസ് , തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തി

കോട്പ നിയമം: പ്രധാന ചട്ടങ്ങളും ശിക്ഷകളും

 

മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധം

എല്ലാ സ്ഥാപനങ്ങളുടെയും മുൻഭാഗത്ത് 'പുകവലി വിമുക്ത മേഖല, ഇവിടെ പുകവലി ശിക്ഷാർഹം' എന്ന ബോർഡ് വ്യക്തമായി പ്രദർശിപ്പിക്കണം. ബോർഡ് സ്ഥാപിക്കാത്തവർക്കെതിരെ 200 രൂപ പിഴ ഈടാക്കും.

 

ഉടമസ്ഥരുടെ ഉത്തരവാദിത്തം

സ്ഥാപനങ്ങളുടെ മുൻഭാഗത്ത് മറ്റുള്ളവർ പുകവലിക്കുന്നത് തടയാൻ ഉടമസ്ഥർ ബാധ്യസ്ഥരാണ്. ഇതിൽ പരാജയപ്പെടുന്ന ഉടമകളിൽ നിന്നും പിഴ ഈടാക്കും.
 പരസ്യങ്ങൾക്കുള്ള വിലക്ക്: പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ നിയമപരമായ നിർദ്ദിഷ്ട മുന്നറിയിപ്പ് ബോർഡുകൾ മാത്രമേ പാടുള്ളൂ. കമ്പനികളുടെ പരസ്യം, ബ്രാൻഡ് പേര്, ചിഹ്നം, വില തുടങ്ങിയവ പ്രദർശിപ്പിച്ചാൽ 2 മുതൽ 5 വർഷം വരെ തടവോ 1000 മുതൽ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

 

പ്രായപൂർത്തിയാകാത്തവർക്ക് വിൽക്കരുത്

18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കടുത്ത ശിക്ഷാർഹമാണ്.

 

പരിധി നിയന്ത്രണം

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91.2 മീറ്റർ (100 വാര) ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

date