ഭൂമി തരംമാറ്റവും പട്ടയ വിതരണവും സുഗമമാക്കുവാൻ ആവശ്യമെങ്കിൽ ചട്ടഭേദഗതി- മന്ത്രി എ. പി. അനിൽകുമാർ റവന്യൂ വകുപ്പ് ജില്ലാതല അവലോകന യോഗം ചേർന്നു
ഭൂമി തരംമാറ്റം, പട്ടയം അനുവദിക്കൽ എന്നിവ സുഗമമാക്കുവാൻ ചട്ടഭേദഗതി ആവശ്യമെങ്കിൽ നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. റവന്യൂ വകുപ്പ് ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല നിയമങ്ങളും നടപ്പിലാക്കുമ്പോഴാണ് പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുന്നത്. ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ഭേദഗതികളും പ്രത്യേക ഉത്തരവുകളും ആവശ്യമായി വരും. സംസ്ഥാനത്തെ 14 ജില്ലകളിലെയും അവലോകന യോഗങ്ങൾ പൂർത്തിയായ ശേഷം ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക നിർദ്ദേശങ്ങളും നിയമ ഭേദഗതികളും പരിശോധിച്ച് ആവശ്യമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ വകുപ്പാണ് റവന്യൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിലുണ്ടാകുന്ന ഏത് കാര്യത്തിനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അനിവാര്യമാണ്. ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ബോധവാന്മാരാണ്. എല്ലാ അപേക്ഷകളിലും അനുകൂലമായ തീർപ്പുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഓഫീസുകളിലെത്തുന്ന ജനങ്ങളെ ക്ഷമയോടെ കേൾക്കാനും അവരെ സമാശ്വസിപ്പിക്കാനുമുള്ള സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഫയലുകൾ പരമാവധി വേഗത്തിലും സുതാര്യമായും തീർപ്പ് കൽപ്പിക്കേണ്ടത് അനിവാര്യമാണ്.
തീരദേശവാസികൾ, ആദിവാസികൾ, എസ്.സി കോളനി നിവാസികൾ തുടങ്ങിയ പാവപ്പെട്ട ആളുകളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധകൊടുത്ത് വേഗത്തിൽ പരിഹാരം കാണുവാൻ സാധിക്കണം. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 25,000-ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാണ് വകുപ്പിന്റെ തീരുമാനം. സർവയർമാരുടെ കുറവ് പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ കൂടിയാലോചിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ 200 പട്ടയങ്ങൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പട്ടയങ്ങൾ അനുവദിക്കുന്നതിന്റെ എണ്ണം കൂട്ടുവാൻ ശ്രമിക്കണമെന്ന് റവന്യു വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു നിർദ്ദേശം നൽകി. ലക്ഷ്യത്തിനപ്പുറം പട്ടയങ്ങൾ വിതരണം ചെയ്യാനാകുമെന്ന് ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. കൂടാതെ, ആറ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നൂറുദിനകർമപരിപാടിയുടെ ഭാഗമായി ഉദ്ഘാടനത്തിന് ജില്ലയിൽ സജ്ജമാകുന്നുണ്ട്.
ജില്ലയിൽ 31 പദ്ധതികൾക്കായി 157.15 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുണ്ട്. 2026 അവസാനത്തോടെയോ 2027 ആദ്യപാദത്തിലോ ഈ നടപടികൾ പൂർത്തിയാക്കാനാകുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച 16 പേരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു. അപകടത്തിൽ പ്രദേശത്തെ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ മൂല്യനിർണ്ണയം നിലവിൽ പുരോഗമിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂവകുപ്പിന്റെ നടപടികൾ വേഗത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ജില്ലാതല യോഗങ്ങൾ ചേരുന്നത്. ഇതിന്റെ പ്രവർത്തനപുരോഗതി കൃത്യമായി വിലയിരുത്തുവാൻ ഒരു മാസത്തിന് ശേഷം വീണ്ടും അവലോകന യോഗം ചേരുമെന്ന് സ്പെഷ്യൽ സെക്രട്ടറി അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഓഫ് സർവ്വെ ആൻഡ് ലാൻഡ് റെക്കോർഡ്സ് ജെ.ഒ. അരുൺ, റവന്യൂ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി,
ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments