Skip to main content

മൂല്യവർദ്ധിത ബ്രാൻഡിംഗിലൂടെ കാർഷികമേഖലയ്ക്ക് ലാഭം കൊയ്യാം: മന്ത്രി ഒ ജെ ജനീഷ് 'ആത്മ 2026 കിസാൻ ഗോസ്തി' കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു

 

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ആത്മ 2026 കിസാൻ ഗോസ്തി' കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം യുവജന, കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവ്വഹിച്ചു.

കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി, ആകർഷകമായ പാക്കറ്റുകളിൽ സ്വന്തം ബ്രാൻഡുകളായി വിപണിയിലെത്തിച്ചാൽ വലിയ ലാഭം കൊയ്യാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉത്പന്നങ്ങൾ  കൃത്യമായി എവിടെ, എങ്ങനെ വിപണനം ചെയ്യണമെന്ന് അറിയാതെ വരുമ്പോഴാണ് കർഷകർക്ക് നഷ്ടം സംഭവിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.  വെള്ളാങ്കല്ലൂരിൽ നടപ്പിലാക്കിയത് പോലെ, കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ചാൽ കാർഷിക മേഖലയ്ക്ക് പുതിയൊരു ഉണർവാകും. ഇതിനായി കൃഷിവകുപ്പ് വിപുലമായ പരിശീലന പരിപാടികൾ നൽകിവരുന്നുണ്ട്. ഇതിലൂടെ ഗ്രാമീണ മേഖലയിൽ പുതിയൊരു സാമ്പത്തിക ചക്രം രൂപപ്പെടുമെന്നും സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിതെളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ പദ്ധതി വിശദീകരണം നടത്തി.  മേളയോടനുബന്ധിച്ച് കൂൺ ഭക്ഷ്യമേള, സൗജന്യ മണ്ണ് പരിശോധനാ ലാബ്, അഗ്രോ സർവീസ് സെന്റർ കാർഷിക ഉത്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും, കാർഷിക ക്ലിനിക്ക് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. അഗ്രിക്കൾച്ചറിൽ നിന്ന്
അഗ്രിബിസിനസിലേക്ക് എന്നതാണ് ഇത്തവണത്തെ മേളയുടെ സന്ദേശം.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് തോമസ്,  പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി കണ്ണൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി ബി ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോമി ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി സുജിത്ത് ലാൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം കെ സ്മിത, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date