പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുണ്ടാകണം: മന്ത്രി ഒ ജെ ജനീഷ് നവ പ്രതിഭാ പുരസ്കാരം 2026' വിതരണം ഉദ്ഘാടനം ചെയ്തു
ജീവിത വിജയം പ്രത്യേകമായ സിലബസുകളിലൂടെയല്ല മറിച്ച് സ്വന്തം അനുഭവങ്ങളിലൂടെ നേടണമെന്ന്
കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പൊയ്യ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'നവ പ്രതിഭാ പുരസ്കാരം 2026' വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികരംഗത്തെ പോലെ അവിസ്മരണീയമായ പല മുഹൂർത്തങ്ങളും ജീവിതത്തിലും ഉണ്ടാകും. ജീവിതത്തിന്റെ വേഗതയിൽ നമ്മൾ വീണുപോയി എന്ന് മറ്റുള്ളവർ കരുതുന്ന നിമിഷത്തിൽ പോലും ശക്തമായി എഴുന്നേറ്റു നിൽക്കാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കണം. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇനി മുതൽ തനിക്ക് ഉപഹാരമായി മൊമെന്റോകൾ നൽകേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. പകരം സ്പോർട്സ് കിറ്റുകളോ ഫുട്ബോളോ ക്രിക്കറ്റ് ബാറ്റോ പുസ്തകങ്ങളോ സമ്മാനമായി നൽകിയാൽ മതി. സമ്മാനമായി ലഭിക്കുന്ന പുസ്തകങ്ങൾ എംഎൽഎ ഓഫീസിലെ ലൈബ്രറിയിൽ സൂക്ഷിക്കുമെന്നും സ്പോർട്സ് ഉപകരണങ്ങൾ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൂപ്പത്തി എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, തൃശൂർ ജില്ലാ പഞ്ചായത്തംഗം സാജൻ കൊടിയൻ എന്നിവർ മുഖ്യാതിഥികളായി. പൊയ്യ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി സജീവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിൻസി ജോയ്, ഷൈബു തോമസ്, പി പി ആനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments