Skip to main content

വായന മാസാചരണം സമാപിച്ചു

ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ വായന മാസാചരണം സമാപിച്ചു. അടാട്ട് ഭാരതീയ വിദ്യാപീഠം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ സമാപന സമ്മേളനം എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. 'വായിച്ചു വളരുക' എന്ന ലക്ഷ്യവുമായി നടത്തിയ ദേശീയ വായന മാസാഘോഷത്തിലെ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വേദിയില്‍വെച്ച് സര്‍ട്ടിഫിക്കറ്റുകളും മൊമന്റോയു വിതരണം ചെയ്തു.

ചടങ്ങില്‍ മുന്‍ എം.എല്‍.എല്‍ ടി.വി ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ വിമല കോളേജ് മലയാള വിഭാഗം അസി. പ്രൊ. ഡോ. അനു പാപ്പച്ചന്‍ വായന സന്ദേശവും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ബദറുദ്ദീന്‍ ഗുരുവായൂര്‍ പി.എന്‍. പണിക്കര്‍ സ്മൃതി പ്രഭാഷണവും ഫൗണ്ടേഷന്‍ സെക്രട്ടറി കെ.ജി. ബാബുരാജ് ആമുഖ ഭാഷണവും നിര്‍വ്വഹിച്ചു.

അടാട്ട് പഞ്ചായത്ത് വാര്‍ഡംഗം പി ജെ. ദേവസ്സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ കെ.സി. ഹരിദാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ ഓഡിനേറ്റര്‍ കെ.കെ. പ്രസാദ്, സ്വാഗതസംഘം പ്രതിനിധികളായ എന്‍.പി. രാമചന്ദ്രന്‍, അനിത വര്‍മ്മ, ജിജേഷ്, പി.വി രാജു, സേതു അയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് സുഭാഷ് ചന്ദ്ര ബോസ് സ്വാഗതവും ഷീന കാര്‍ത്തികേയന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

date