Skip to main content
     കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികവര്‍ഗവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിജി ബിരുദധാരികളുടെ സംഗമത്തില്‍ നിന്ന്.

പട്ടികവര്‍ഗ പിജി ബിരുദധാരികളുടെ സംഗമം

   ജില്ലയിലെ  വിവിധ പട്ടികവര്‍ഗ കോളനികളിലെ  ബിരുദാനന്തരബിരുദധാരികളുടെ  വിവിധ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനും ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ  നാലു മണിക്കൂര്‍ ചെലവഴിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികവര്‍ഗവികസനവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പിജി ബിരുദധാരികളുടെ സംഗമം സംഘടിപ്പിച്ചത്. രാവിലെ 10ന് ആരംഭിച്ച യോഗം  ഉച്ചക്ക് രണ്ടുമണിവരെ തുടര്‍ന്നു. പഠനരംഗത്തും തൊഴില്‍ മേഖലയിലും ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികവര്‍ഗ വിഭാഗം  യുവതീയുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട പരിപാടികള്‍ തയ്യാറാക്കുന്നതിനും ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിച്ചത്. 
    പട്ടികവര്‍ഗ്ഗക്കാരുടെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവാക്കള്‍ തയ്യാറാവണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തലത്തില്‍ അഭ്യസ്തവിദ്യാരായ പട്ടികവര്‍ഗ്ഗക്കാരുടെ കണക്കെടുപ്പ് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.    പട്ടികവര്‍ഗ്ഗ അഭ്യസ്തവിദ്യരുടെ അഭിരുചിയും, യോഗ്യതയും അനുസരിച്ച്  ജോലി ലഭിക്കുന്നതിനുള്ള പദ്ധതിയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തയ്യാറാക്കുന്നത്. നാല് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിക്കകത്ത് എംപ്ലോയ്‌മെന്റ് സെന്റര്‍ ആരംഭിച്ച് അഭ്യസ്തവിദ്യര്‍ക്ക് സ്ഥിരം പരിശീലനം നല്‍കുതിനുള്ള സംവിധാനമാണ് ഇത്.  യോഗ്യരായ പട്ടികവര്‍ഗ്ഗ യുവാക്കളെ തന്നെ പി.എസ്.സി കോച്ചിംഗ് തുടങ്ങിയ പരിശീലനത്തിന് അധ്യാപകരായി നിയമിക്കുന്നത് ആണ് പദ്ധതിയുടെ പ്രത്യേകത. സാങ്കേതിക  പരിജ്ഞാനമുളള പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് പ്രത്യേക പരിശീലന പദ്ധതിയും ഉദ്ദേശിക്കുന്നു. ഐ.എ.എസ് പോലുള്ള ഉയര്‍ന്ന തസ്തികയിലേക്ക് പരീക്ഷ എഴുതുന്നതിനുള്ള   ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി ഗുണനിലവാരമുള്ള സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നതിനും പദ്ധതിയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്ത് നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരെ നിയമിക്കുന്നത് സംബന്ധിച്ച്  ചര്‍ച്ച നടത്തുതിനും  നടപടി സ്വീകരിക്കും. 
    കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ കടന്നുവരുന്നതിന്  ജില്ലയില്‍ പരിശീലന പദ്ധതികള്‍ ആവശ്യമാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പട്ടികവര്‍ഗക്ഷേമപദ്ധതികളെക്കുറിച്ചും ഭൂരിപക്ഷം കോളനിവാസികള്‍ക്കും വേണ്ടത്ര അറിവില്ല. പ്രൊമോട്ടര്‍മാര്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തുന്നതായും പ്രൊമോട്ടര്‍മാര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യവികസനത്തിലും സാമൂഹിക വികസനത്തിലും കോളനിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മേഖലയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് സാധിക്കും. കോളനികളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കാലാനുസൃതമായ നടപടികള്‍ ആവശ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പട്ടികജാതിവികസന ഓഫീസര്‍   കെ.എം.സദാനന്ദന്‍, ജൂനിയര്‍ സൂപ്രണ്ട് കെ.വി രാഘവന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  എ.ബാബു,  ബ്ലോക്ക് ട്രൈബല്‍  ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

 

date