ഓണം വാരാഘോഷം: ഘോഷയാത്ര മുൻകാലങ്ങളേക്കാൾ ആകർഷകമാക്കും: പി.സി. വിഷ്ണുനാഥ്
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30ന് സംഘടിപ്പിക്കുന്ന ഘോഷയാത്ര മുൻവർഷങ്ങളേക്കാൾ ആകർഷകമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന ഘോഷയാത്ര കമ്മിറ്റിയുടെ പ്രഥമയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പ്രധാന ഓണാഘോഷപരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. 'പുതുയുഗ കേരളം' എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി പൂർണ്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കണം ഫ്ലോട്ടുകൾ സജ്ജീകരിക്കേണ്ടത്. ഘോഷയാത്ര മനോഹരമാക്കാൻ പുതിയ ആശയങ്ങൾ വകുപ്പുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഘോഷയാത്രയുടെ ഒരുക്കങ്ങൾ വകുപ്പുകൾ നേരത്തെ തന്നെ തുടങ്ങണം. കേന്ദ്രസർക്കാരിൻ്റെ പ്രധാന വകുപ്പുകളുടെ സഹകരണവും ഓണം വാരാഘോഷത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും കെ. എസ്. ഇ. ബിയും ഫയർഫോഴ്‌സും ഘോഷയാത്രയ്ക്ക് തടസങ്ങളില്ലാതെ കടന്നുപോകുന്നതിന് വഴിയൊരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഘോഷയാത്ര കമ്മിറ്റി ചെയർമാൻ എൻ ശക്തൻ എം എൽ എ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ആർമി, നേവി, കോസ്‌റ്റ് ഗാർഡ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
- Log in to post comments