Skip to main content

വിദ്യാഭ്യാസരംഗത്ത് ലക്ഷ്യമിടുന്നത് സമഗ്രമാറ്റം:  മന്ത്രി അനൂപ് ജേക്കബ് 

 

 ടി.എം. ജേക്കബ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു 

സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ സമഗ്രമായ മാറ്റമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ്.
വിദ്യാര്‍ഥികള്‍ക്ക് ശോഭനമായ ഭാവി നാട്ടില്‍ ഉണ്ടാകണം എന്നതാണു സര്‍ക്കാർ ആഗ്രഹിക്കുന്നത്. ഒപ്പം മികച്ച തൊഴിലവസരങ്ങള്‍ കൂടി ഇവിടെ സൃഷ്ടിക്കപ്പെടണം. അതിനായി ഈ രംഗത്ത് വലിയ മുതല്‍മുടക്ക്   ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

മികച്ച പാര്‍ലമെന്റേറിയനും ദീര്‍ഘകാലം മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ സ്മരാണാര്‍ഥം എര്‍പ്പെടുത്തിയ ടി.എം. ജേക്കബ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

 

ക്വാളിറ്റി എഡ്യൂക്കേഷന്‍ നാട്ടില്‍ ലഭ്യമാക്കാനായാല്‍ ക്രിയാത്മകമായ വലിയ മാറ്റമായിരിക്കുമത്.  കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചു സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍  നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. അങ്ങനെ വികസിത കേരളത്തെ നമുക്കൊന്നിച്ചു രുപീകരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  

 

ഒരു കൂട്ടായ്മയുടെ വലിയ വിജയമായി ഈ ചടങ്ങിനെ കണക്കാക്കാം. കോവിഡ് കാലം ഉള്‍പ്പെടെ 14 വര്‍ഷം തുടര്‍ച്ചയായി അവാര്‍ഡ് നല്‍കി ഈ കൂട്ടായ്മ  മുന്നോട്ടു നീങ്ങുകയാണ്.
അംഗീകാരം ലഭിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതീക്ഷ വളരെ വലുതാണ്.
ജീവിതത്തിലെന്നും ഓര്‍ത്തിരിക്കാനും ചേര്‍ത്തുനിര്‍ത്താനും എക്‌സലന്‍സിനായി കൂടുതല്‍ മുന്നോട്ടുപോകാനും അവാര്‍ഡ് പ്രചോദനമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പിറവം നിയോജകമണ്ഡലത്തില്‍ ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷകളില്‍ ഫുള്‍ എ പ്ലസ്, എ വണ്‍ നേടിയവരേയും സര്‍വകലാശാല പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയുമാണ് ആദരിച്ചത്.
വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ടിഎം ജേക്കബ് ചാരിറ്റബിള്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് സൊസൈറ്റിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

 

പിറവം നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. പ്രദീപ് കുമാര്‍ അധ്യക്ഷനായിരുന്നു.
മുന്‍ എംഎല്‍എ വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അന്നമ്മ ഡോമി, കെപിസിസി വൈസ് പ്രസിഡണ്ട് ജയ്സണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി അരീക്കാട്ടില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ എടപ്പലക്കാട്ട്, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. ആര്‍. ജയകുമാര്‍, ഡി.സി.സി. സെക്രട്ടറി വില്‍സണ്‍ കെ. ജോണ്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ പി. സി. ജോസ്, ആര്‍. ഹരി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അരുണ്‍ കല്ലറക്കല്‍, ഷിബു തോമസ്, വത്സല വര്‍ഗീസ്, ജയ്സണ്‍ പുളിക്കല്‍, കേരള കോണ്‍ (ജേക്കബ്) ഹൈപവര്‍ കമ്മറ്റിയംഗം തമ്പി ഇലവുംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

date