റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ടി. ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം
എറണാകുളത്തെ റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി ടി. ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷഹിർഷാ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോ. ഹനീഷ് മിറാസ്, കൗൺസിലർ കെ. വി. പി. കൃഷ്ണകുമാർ എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലാബിന്റെ പ്രവർത്തന സമയം, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഉപകരണങ്ങളുടെ നിലവിലെ സ്ഥിതി, ദിനംപ്രതി നടത്തുന്ന പരിശോധനകളുടെ എണ്ണം, ലാബിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യോഗത്തിൽ വിശദമായി വിലയിരുത്തി. പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു.
കൂടാതെ, ലാബ് പരിസരത്തെയും സമീപ പ്രദേശങ്ങളെയും ബാധിക്കുന്ന കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ലാബിലെ കുടിവെള്ള ടാങ്കിന് ഭീഷണിയായി നിലകൊള്ളുന്ന മരത്തിന്റെ സുരക്ഷാ വിഷയവും യോഗം വിശദമായി ചർച്ച ചെയ്തു. അപകടസാധ്യത ഒഴിവാക്കുന്നതിനും കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടി. ജെ. വിനോദ് എം.എൽ.എ നിർദേശിച്ചു.
ലാബിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിലവിലുള്ള പ്രശ്നങ്ങൾക്ക് സമയബന്ധിതമായ പരിഹാരം കണ്ടെത്തുന്നതിനുമായി ലാബ് മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കാൻ യോഗത്തിൽ തീരുമാനമായി.
റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ടി. ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
- Log in to post comments