അഴീക്കോട് മണ്ഡം എഡ്യൂക്കേഷൻ കോൺക്ലേവ് നടത്തി
-സ്‌കൂള്‍ തലങ്ങളില്‍ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കും
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ അഴീക്കോട് മണ്ഡലം എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് തീരുമാനം. തദ്ദേശസ്ഥാപനങ്ങള്‍, പോലിസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കും.
എംഎല്‍എ കപ്പിന്റെ മുന്നോടിയായി സ്‌കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ നവംബറില്‍ നടത്താനും കോണ്‍ക്ലേവില്‍ തീരുമാനമായി.
അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'മഴവില്ലി'ന്റെ ഭാഗമായി സംഘടിപ്പിച്ച അഴീക്കോട് എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറര്‍ കെ ബീന പദ്ധതി അവതരിപ്പിച്ചു.
മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വരുന്ന അഞ്ചുവര്‍ഷം നടപ്പിലാക്കുന്ന പ്രവര്‍ത്തന- പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടപ്പിച്ചത്.
ചടങ്ങില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കീല്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ സനില (അഴീക്കോട്), കെ മോഹനന്‍ (ചിറക്കല്‍), വി കെ സി ജംഷീറ (വളപട്ടണം), കെ പ്രദീപ് കുമാര്‍ (പാപ്പിനിശ്ശേരി), മഴവില്ല് വിദ്യാഭ്യാസ പദ്ധതിയുടെ കണ്‍വീനര്‍ കെ പി ജയപാലന്‍, മുന്‍ എംഎല്‍എ എം. പ്രകാശന്‍, പാപ്പിനിശ്ശേരി എ.ഇ.ഒ ജാന്‍സി, ബിപിസി കെ വി സജിത്ത്, എം കെ അനൂപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സ്‌കൂള്‍ പ്രധാന അധ്യാപകര്‍, പിടിഎ- മദര്‍ പിടിഎ പ്രസിഡണ്ടുമാര്‍, എസ്എംസി ചെയര്‍മാന്‍മാര്‍, എസ്ആര്‍ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.
- Log in to post comments