സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു.
ലോകമെമ്പാടും നിറഞ്ഞ ഫുട്ബോൾ ആവേശം കേരളവും പൂർണ്ണമായും നെഞ്ചിലേറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. നാടിന്റെ ഓരോ കോണിലും ലോകകപ്പ് നേരിട്ട് നടക്കുകയാണെന്ന് തോന്നിപ്പിക്കുന്ന ആവേശമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസമൂഹത്തിലെയും കുട്ടികളിലെയും ഫുട്ബോൾ താത്പര്യത്തെ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'വൺ മില്യൺ തൂഫാൻ ഗോൾ' പദ്ധതി വൻ വിജയമായതായി മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20 വരെ പത്ത് ലക്ഷം ഗോളുകൾ ലക്ഷ്യമിട്ടിരുന്നെങ്കിലും കുട്ടികളുടെ ആവേശത്തിൽ കേവലം രണ്ടാഴ്ച തികയുമ്പോഴേക്കും പത്ത് ലക്ഷം ഗോൾ എന്ന ലക്ഷ്യം നേടാനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും പത്മശ്രീ പുരസ്ക്കാര ജേതാവുമായ ഐ.എം. വിജയൻ എന്നിവർ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ആർ ശ്രീജേഷ്, തൃശ്ശൂർ ഡി.ഡി.ഇ ടി. ഷൈല, സംസ്ഥാന സ്പോർട്ട്സ് കോ-ഓർഡിേനേറ്റർ അജിത് വർഗ്ഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർമാരായ പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി തൃശൂർ സുധീർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നുള്ള അണ്ടർ 15 ബോയ്സ്, അണ്ടർ 17 ഗേൾസ്, അണ്ടർ 17 ഗോൾസ് സ്കൂൾ ടീമുകളാണ് മത്സരിക്കുന്നത്. ജൂലൈ 28 വരെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും.
- Log in to post comments