Skip to main content

സംസ്ഥാന ശിശുക്ഷേമസമിതി തൃശൂരിൽ 'ലിറ്റിൽ റൈറ്റേഴ്സ് മീറ്റ്' സംഘടിപ്പിക്കുന്നു: ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി "കുട്ടികളുടെ നൂറ്റാണ്ട്" എന്ന സന്ദേശമുയർത്തി തൃശൂരിൽ 'ലിറ്റിൽ റൈറ്റേഴ്സ് മീറ്റ്' സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്തംബർ 12, 13 തീയതികളിൽ തൃശൂർ ജവഹർ ബാലഭവനിൽ സംസ്ഥാനതല ബാലസാഹിത്യ പ്രതിഭാ സംഗമം നടത്തുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

സാഹിത്യരചനയിൽ താത്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. നാളിതുവരെ മലയാളത്തിലോ ഇംഗ്ലീഷിലോ സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളവർക്കും സ്‌കൂൾ പാഠ്യപദ്ധതിയിൽ സ്വന്തം സാഹിത്യരചനകൾ ഉൾപ്പെട്ട് അച്ചടിച്ചുവന്ന കുട്ടികൾക്കും മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അർഹതയുള്ളത്. താത്പര്യമുള്ള കുട്ടികൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ രണ്ട് കോപ്പികൾ, ഫോൺ നമ്പർ, മേൽവിലാസം എന്നിവ സഹിതം ഓഗസ്റ്റ് 16-നകം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.

പ്രശസ്ത സാഹിത്യകാരന്മാർ, എഴുത്തുകാർ, പ്രസാധകർ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ രചനാ പരിശീലനം, പ്രസിദ്ധീകരണ സാധ്യതകൾ, സാഹിത്യ സംവാദം എന്നിവ ഉണ്ടായിരിക്കും. ലഭിക്കുന്ന എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം.

വിലാസം-  'ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം-14'. ഫോൺ- 9847464613, 9447711814.

date