Skip to main content

ഉന്നത പഠനത്തിൽ ശാസ്ത്ര വിഷയങ്ങളിലും വിദ്യാർഥികൾ കൂടുതൽ താല്പര്യം കാണിക്കണമെന്ന് മന്ത്രി സി പി ജോൺ

#പാറശാല മണ്ഡലത്തിൽ ഉന്നത വിജയം നേടിയ  പ്രതിഭകളെ ആദരിച്ച് 
 'സൂര്യകാന്തി മികവുത്സവം'#

തുടർപഠനത്തിനായി  ശാസ്ത്ര വിഷയങ്ങൾ പോലെ ബുദ്ധിമുട്ടുള്ളവ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ ധൈര്യം കാണിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ. പാറശാല നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന  'സൂര്യകാന്തി മികവുത്സവം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്, എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം. കഠിനാധ്വാനം ചെയ്ത് പഠിച്ചാൽ ഏത് മേഖലയിലും വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുട്ടികൾ നന്നായി പഠിച്ച് പരീക്ഷ എഴുതുന്നത് വിദ്യാഭ്യാസ മേഖലയിലും ഭരണനേതൃത്വത്തിലുമുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി. 

കുറുങ്കുട്ടി ജി.എസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പാറശാല മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ 515 വിദ്യാർത്ഥികൾക്കും പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച 268 വിദ്യാർത്ഥികൾക്കും പുരസ്കാരം നൽകി. സ്പെഷ്യൽ കാറ്റഗറിയിലുള്ള 12 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. നൂറു ശതമാനം വിജയം നേടിയ 15 പൊതുവിദ്യാലയങ്ങൾക്ക് 'സൂര്യകാന്തി' പുരസ്കാരവും നൽകി 

സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്‌. ഉഷകുമാരി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ ടീച്ചർ, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ, 
ഇമ്മാനുവൽ കോളേജ് മാനേജരും മുൻ വികാരി ജനറലുമായ മോൺ. ജി ക്രിസ്തുദാസ്, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഫൈസൽ ഖാൻ തുടങ്ങിയവരും പങ്കെടുത്തു.

date