ഭിക്ഷാടന മുക്ത കണ്ണൂർ; സ്മൈൽ പദ്ധതി അവലോകന യോഗം ചേർന്നു
ഭിക്ഷാടന മുക്ത കണ്ണൂർ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു 216 പട്ടണങ്ങളിൽ നടപ്പാക്കി വരുന്ന 'സ്മൈൽ' (സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലിഹുഡ് ആൻഡ് എന്റർപ്രൈസ്) പദ്ധതിയുടെ ആദ്യപാദ അവലോകന യോഗം ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്നു.
ജില്ലാ കളക്ടർ പി. വിഷ്ണു രാജ് അധ്യക്ഷത വഹിച്ചു. അക്കര ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് യാസിർ പദ്ധതിയുടെ പുരോഗതിയും തുടർപ്രവർത്തനങ്ങളും സംബന്ധിച്ച അവതരണം നടത്തി.
യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി.ബിജു, അക്കര ഫൗണ്ടേഷൻ എക്സ്റ്റേർണൽ പ്രോഗ്രാം മേധാവി മിസാബ് ഷെരീഫ്, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ജില്ലയിൽ ഭിക്ഷാടന നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ശക്തിപ്പെടുത്തുന്നതിനും ജില്ലാ കളക്ടർ അധ്യക്ഷനായി എല്ലാ വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സ്‌മൈൽ ജില്ലാ തല കൺവെർജൻസ് കമ്മിറ്റി രൂപീകരിച്ചു.
റെയിൽവേ സ്റ്റേഷനുകൾ, തീർത്ഥാടനകേന്ദ്രങ്ങൾ, ബസ്റ്റാന്റ് പരിസരങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരമായി ഭിക്ഷാടകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ 6282812703 എന്ന നമ്പറിൽ ബന്ധപ്പെടണം. ഭിക്ഷാടകരെ പണം നൽകി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പൊതുജനങ്ങളും സംഘടനകളും വിട്ടുനിൽക്കണമെന്നും ക്ലബ്ബുകൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ചു ഭിക്ഷാടന വിരുദ്ധ ബോധവത്കര പ്രവർത്തനങ്ങൾക്ക് പ്രാദേശിക സർക്കാരുകൾ നേതൃത്വം നൽകണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
- Log in to post comments