മയക്കുമരുന്ന് ആഗോള വെല്ലുവിളി; പ്രതിരോധത്തിന് ജനപങ്കാളിത്തം അനിവാര്യം: രമേശ് ചെന്നിത്തല
മയക്കുമരുന്ന് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും പണവും തീവ്രവാദവും അന്തര്‍ദേശീയ കുറ്റകൃത്യങ്ങളും ബന്ധിപ്പിക്കുന്ന ആഗോള വെല്ലുവിളിയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിന് റോട്ടറി അപ്ടൗണ്‍ സംഘടിപ്പിച്ച 'തൂഫാന്' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യം ഉപയോക്താക്കളാക്കി പിന്നീട് വിതരണക്കാരാക്കുന്ന രീതിയാണ് പിന്തുടരുന്നത്. അതിനാല്‍ പൊലീസ് നടപടി മാത്രം പോരെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'തൂഫാന് കെയര്‍' പദ്ധതിയിലൂടെ ലഹരിക്കടിമകളെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 35 സ്വകാര്യ ആശുപത്രികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും കൗണ്‍സലിങ്ങും മാനസികാരോഗ്യ ചികിത്സയും ഉള്‍പ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയക്കുറവ് ലഹരിവ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും മക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
മയക്കുമരുന്ന് കടത്ത് തടയാന്‍ കേരളത്തിന് ഒറ്റയ്ക്ക് കഴിയില്ലെന്നും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് മാഫിയയെ പൂര്‍ണമായും തോല്പ്പിക്കുന്നതുവരെ സര്‍ക്കാര്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ., കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, റോട്ടറി ഭാരവാഹികളായ കെ.ബി. ജോസ്, വിഷ്ണു പിള്ള എന്നിവര്‍ പങ്കെടുത്തു.
- Log in to post comments